swapna-suresh-

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്‌ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് സ്വപ്‌ന ഇന്ന് ഹാജരായത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കുന്നതിന് 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു ഫേസ്ബുക്ക് ലെെവിലൂടെ സ്വപ്‌ന ആരോപിച്ചത്. പിന്നാലെ മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്.

സ്വപ്‌നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി ഹെെക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സ്വപ്ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

സ്വപ്‌നയുടെ ആരോപണം

വിജയ് പിള്ള എന്നൊരാൾ ഇന്റർവ്യൂ ചെയ്യാനെന്ന പേരിൽ ബാംഗ്ളൂർ വരണമെന്നും കാണണമെന്നും പറഞ്ഞു. അവിടെപോയി സംസാരിക്കുന്നതിനിടെയാണ് മനസിലായത് അത് സന്ധിസംഭാഷണം ആയിരുന്നു എന്നത്. ഒരാഴ്ച സമയം തരാം മക്കളെയുംകൊണ്ട് ഇവിടെനിന്ന് ഹരിയാനയോ ജയ്‌പൂരോ പോകണം.അവിടെ എല്ലാ സൗകര്യവും ഒരുക്കിത്തരും. അവിടെനിന്ന് മലേഷ്യയിലേയ്ക്കോ യു കെയിലേയ്ക്കോ പോകാനുള്ള സൗകര്യം ഒരുക്കിത്തരും. മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരായ എല്ലാ തെളിവുകളും കൈമാറണമെന്ന് പറഞ്ഞു. തെളിവുകൾ എല്ലാം അവർ നശിപ്പിച്ചോളുമെന്ന് പറഞ്ഞു.

ബാംഗ്ളൂരിൽ നിന്ന് പോയില്ലെങ്കിൽ ഇനി സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്നുകളയുമെന്നും, തീർത്തുകളയുമെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും വീണയ്ക്കും യൂസഫ് അലിയ്ക്കും എതിരെ സംസാരിക്കുന്നതുനിർത്തി പറഞ്ഞതെല്ലാം കള്ളമാണെന്ന് ജനങ്ങളോട് പറഞ്ഞ് ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു. ഇതിനായി 30 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തു. യൂസഫ് അലി തനിക്ക് പണിതരും എന്നും അതിനാൽ സൂക്ഷിക്കണമെന്നും പറഞ്ഞു. യൂസഫലി വിചാരിച്ചാൽ വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് മയക്കുമരുന്ന് പോലുള്ളവ ബാഗിൽവച്ച് തന്നെ പിടിപ്പിക്കുമെന്ന് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ലൈവിൽ വെളിപ്പെടുത്തിയിരുന്നു.