
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരമാണ് അരങ്ങേറിയത്. രണ്ടിടങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ വോട്ട് ചോർന്നു. ഇതിലൂടെ ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. ഇരു മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് ഷെയർ കൂടിയതിന്റെ അമ്പരപ്പിലാണ് ഇരു മുന്നണികളും. ശക്തി കേന്ദ്രങ്ങളിൽ പോലും ബി.ജെ.പിക്ക് ലീഡ‌് ലഭിച്ചത് മുന്നണി യോഗങ്ങളിൽ വാദ- പ്രതിവാദങ്ങൾക്ക് വഴിവയ്ക്കും. രണ്ടിടത്തും എൻ.ഡി.എ സ്ഥാനാർത്ഥികൾ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ വോട്ട് ഭിന്നിപ്പിച്ച് സ്വന്തം പെട്ടിയിലാക്കി.
ജയം ആവർത്തിച്ച് തരൂർ
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ശശിതരൂർ തുടർച്ചയായ നാലാം വിജയം നേടിയെങ്കിലും ഭൂരിപക്ഷം 2019നേക്കാൾ കുത്തനെ ഇടിഞ്ഞു. മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലും തരൂരിന് കിട്ടിയ വോട്ടുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. 2019ൽ 99,989 വോട്ടുകളുടെ ഭൂരിപക്ഷമാണ് തരൂരിന് ഉണ്ടായിരുന്നത്. ഇക്കുറി 16,077 ആയി.
2019ൽ 73.45 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 66.46 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണ 4,16,131 വോട്ടുകൾ (41.19 %) കിട്ടിയ തരൂരിന് ഇക്കുറി 3,58,155 ആയി (37.19 %) കുറഞ്ഞു. അതേസമയം, ബി.ജെ.പി സ്ഥാനാർത്ഥി രാജീവ്ചന്ദ്രശേഖറിന് 2019ലെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെക്കാൾ കൂടുതൽ വോട്ട് ലഭിച്ചു. വോട്ട് വിഹിതവും കൂടി. 2019ൽ കുമ്മനം രാജശേഖരന് 3,16,142 വോട്ടുകളാണ് ലഭിച്ചത്. രാജീവ് ചന്ദ്രശേഖറിന് 3,42,078 വോട്ടുകളായി (35.52 %). ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ കണക്കുകൾ.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് ലഭിച്ചതിനെക്കാൾ വോട്ടുവിഹിതം കൂടിയെങ്കിലും വോട്ടെണ്ണം കുറഞ്ഞു. 2019ൽ സി.ദിവാകരന് 2,58,556 വോട്ടുകളാണ് കിട്ടിയത്. ഇക്കുറി അത് 2,47,648 ആയി. 10,908 വോട്ടുകളുടെ കുറവ്. അതേസമയം വോട്ടുവിഹിതം 25.60 ശതമാനത്തിൽ നിന്ന് 25.72 ശതമാനമായി ഉയർന്നു.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം അസംബ്ളി മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാമതെത്തി. തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങൾ യു.ഡി.എഫിനോടൊപ്പം നിന്നു. ഏഴിടത്തും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി. 2019ൽ പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കോർപ്പറേഷൻ പരിധിയിലെ അഞ്ച് അസംബ്ളി മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തത് ഇടതുമുന്നണിക്ക് ദോഷമായി. വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം അസംബ്ളി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് ഇടത് എം.എൽ.എമാരാണ്. എന്നിട്ടും ഇവിടങ്ങളിൽ ബി.ജെ.പി ഒന്നാമതെത്തിയത് എൽ.ഡി.എഫ് നേതൃത്വത്തെ അമ്പരപ്പിച്ചു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 12 വാർഡുകളിൽ എൽ.ഡി.എഫ് ജനപ്രതിനിധികളാണ്. ഇവിടെ എൻ.ഡി.എ 8,160 വോട്ടുകളുടെ ഭൂരിപക്ഷം നേടി. 15 ഇടത് ജനപ്രതിനിധികളുള്ള കഴക്കൂട്ടം മണ്ഡലത്തിൽ 10,842 വോട്ടുകൾക്ക് ബി.ജെ.പി മുന്നിലെത്തി. ഇത്തരം അടിയൊഴുക്കുകൾ എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നതല്ല.
ഫോട്ടോ ഫിനിഷിൽ അടൂർ
എൽ.ഡി.എഫ് ശക്തി കേന്ദ്രമായിരുന്ന ആറ്റിങ്ങലിൽ 684 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് ജയിച്ചത്. കഴിഞ്ഞ തവണ 38,247 ആയിരുന്നു ഭൂരിപക്ഷം. എൽ.ഡി.എഫിന് ഇക്കുറി 12,931 വോട്ടിന്റെ കുറവുണ്ടായി. എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ വോട്ട് വിഹിതം വർദ്ധിപ്പിച്ചു. 2019ൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ 2,46,502 വോട്ടുകളാണ് നേടിയത്. വി.മുരളീധരന് 3,11,779 വോട്ടുകൾ ലഭിച്ചു. 65,277 അധികം. രണ്ട് മുന്നണികളുടേയും വോട്ട് ചോർത്തി സ്വന്തം പെട്ടിയിലാക്കാൻ വി.മുരളീധരന് കഴിഞ്ഞു.
ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭ മണ്ഡലങ്ങളിൽ മുരളീധരൻ ഒന്നാമതെത്തി. രണ്ട് മണ്ഡലങ്ങളും എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങളായിരുന്നു. സി.പി.എം സ്ഥാനാർത്ഥി വി.ജോയുടെ ബൂത്തിൽ പോലും ലീഡ് മുരളീധരനായിരുന്നു. വി.ജോയിയുടെ നിയമസഭ മണ്ഡലമായ വർക്കലയിലും കഴിഞ്ഞ തവണത്തേക്കൾ മുരളീധരൻ വോട്ടു ഉയർത്തി. കോൺഗ്രസിന് മേൽക്കൈയുള്ള വാമനപുരം മണ്ഡലത്തിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കുറവായിരുന്നു. ഇത്തവണ വാമനപുരം മണ്ഡലത്തിൽ 11,000 അധിക വോട്ടുകൾ ലഭിച്ചു. നെടുമങ്ങാട് (11,000), ചിറയിൻകീഴ് (10,000) മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടി. ചോർന്നതിൽ ഭൂരിഭാഗവും യു.ഡി.എഫ് വോട്ടുകളാണ്. ഇത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. എൽ.ഡി.എഫ് വോട്ടുകൾ അധികം ബി.ജെ.പിക്ക് ചോർത്താനായില്ലെങ്കിലും ശക്തി കേന്ദ്രങ്ങളിൽ ബി.ജെ.പി മുന്നിലെത്തിയത് എൽ.ഡി.എഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.