jgiji
സുനി​ൽ ഛെത്രി​യും ജി​ജോ ജോർജും 2021ലെ സാഫ് കപ്പുമായി

കൊൽക്കത്ത : അർപ്പണബോധത്തി​ന്റെ അവസാന വാക്കാണ് സുനി​ൽ ഛെത്രി​യെന്ന് ഇന്ത്യൻ ഫുട്ബാൾ ടീമി​ന്റെ ഫി​സി​യോ തെറാപ്പി​സ്റ്റും മലയാളി​യുമായ ജി​ജി​ ജോർജ്. കരി​യറി​ന്റെ അവസാന ഘട്ടത്തി​ലും ഫി​റ്റ്നസ് നി​ലനി​റുത്തുന്നതി​ൽ അദ്ദേഹം പുലർത്തുന്ന ആത്മാർത്ഥമായ പരി​ശ്രമങ്ങൾ ഏതൊരു കായി​കതാരത്തി​നും മാതൃകയാണെന്നും തൃശൂർ സ്വദേശി​യായ ജി​ജി​ പറഞ്ഞു.

2011 മുതൽ ഇന്ത്യൻ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റാണ് ജിജി. ഇക്കാലയളവിലാണ് ഛെത്രി ഇന്ത്യൻ ടീമിന്റെ നായകനാവുന്നത്. അന്നുമുതൽ അടുത്ത സുഹൃത്തുക്കളുമാണ്. കൃത്യമായ ഡയറ്റും വർക്ക് ഔട്ടുമാണ് ഛെത്രിയുടെ വിജയരഹസ്യം. പത്തുകൊല്ലത്തോളമായി വീഗൻ ഡയറ്റാണ് ഛെത്രി പാലിക്കുന്നത്. അടുത്ത സുഹൃത്തും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ വിരാട് കൊഹ്‌ലിയുടെ സ്വാധീനവും ഇക്കാര്യത്തിലുണ്ട്. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിലും ഇരുവരും അഗ്രഗണ്യരാണ്.

രണ്ട് പതിറ്റാണ്ടായി തൃശൂർ എലൈറ്റ് ആശുപത്രിയിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ജിജി ജോർജ് മുൻ ഫുട്ബാളറുമാണ്. കേരള സന്തോഷ്ട്രോഫി ടീമിന്റെ ഫിസിയോയിരുന്നു. 2010ൽ ഡോ. നാരായണമേനോനൊപ്പം ഇന്ത്യൻ ജൂനിയർ ടീമിന്റെ ഫിസിയോയാണ് തുടക്കം. അടുത്ത വർഷം സീനിയർ ടീമിലേക്ക് എത്തി. തൃശൂർ നെല്ലിക്കുന്ന് തച്ചോട്ടിൽ കുടുംബാംഗമാണ്. പരേതനായ ക്യാപ്ടൻ ജോർജ് വർഗീസും റോസിലിയുമാണ് മാതാപിതാക്കൾ.കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സ്മിത ജോണാണ് ഭാര്യ. മക്കൾ: റോസ് മരിയ,റയാൻ ജോർജ്,ആൻ മരിയ.

അണിയറയിൽ നാലു മലയാളികൾ

കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ അണിയറയിൽ ജിജി ഉൾപ്പടെ നാലുമലയാളികളാണുള്ളത്. ടീം ഡോ.ഷെർവിൻ ഷെരീഫ്, ഫിസിയോ ജാബിർ,മേഷ്വർ ദീപക് രവി എന്നിവരാണിവർ.