rahul-gandhi

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന്റെ മറവില്‍ സ്റ്റോക് മാര്‍ക്കറ്റില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 30 ലക്ഷം കോടി രൂപയുടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്റ്റോക് മാര്‍ക്കറ്റില്‍ നടന്നത്, ഇക്കാര്യം പാര്‍ലമെന്റ് സമിതി അന്വേഷിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റോക്ക് വാങ്ങാന്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. നടന്നത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു. എക്‌സിറ്റ് പോള്‍ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയായിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് കോടികള്‍ നഷ്ടമായി.- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിര്‍മല സീതാരാമനും അഴിമതിയില്‍ പങ്കുണ്ടെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം.

സ്റ്റോക്കുകള്‍ വാങ്ങാന്‍ മേയ് 13ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂണ്‍ നാലിന് അത് കുതിച്ചുയരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 19ാം തീയതി പ്രധാനമന്ത്രിയും ഇതേ കാര്യം പറഞ്ഞു. ജൂണ്‍ ഒന്നിന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതോടെ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചുയരുന്നു. ഫലം വന്നതിനുശേഷം സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിയുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെബിയുടെ അന്വേഷണം നേരിടുന്ന ഒരു മാദ്ധ്യമസ്ഥാപനം ഒരേ ദിവസം തന്നെ പ്രധാനമന്ത്രിയുടെ രണ്ട് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് എന്ത് അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു. ആരോപണങ്ങള്‍ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.