j

ടെക്സസ്: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ നാലാം പരീക്ഷണം വിജയം. ഭ്രമണപഥത്തിലേക്കും തിരിച്ച് സമുദ്രത്തിലേക്കും സുരക്ഷിതമായി എത്തിച്ചേർന്ന പേടകത്തിന് ഭൂമിയിൽ പതിക്കുന്നതിനു തൊട്ടുമുമ്പായി കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്തിട്ടുള്ള സ്റ്റാർഷിപ്പിന്റെ കഴിഞ്ഞ മൂന്നു പരീക്ഷണങ്ങളും പരാജയമായിരുന്നു.

ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാർഷിപ്. ടെക്‌സസിലെ ബൊക്ക ചിക്കയിലുള്ള സ്‌പേസ് എക്‌സിന്റെ സൈറ്റിൽ നിന്ന് ലിഫ്റ്റ്-ഓഫ് ചെയ്‌ത റോക്കറ്റിന്റെ, സൂപ്പർ ഹെവി ഫസ്റ്റ് സ്റ്റേജിലെ 33 റാപ്‌റ്റർ എൻജീൻ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. എങ്കിലും സ്റ്റാർഷിപ്പ് ബഹിരാകാശത്തെത്തുകയും, രണ്ടു ഘട്ടങ്ങളിലായി കൃത്യം നിർവഹിക്കുകയും ചെയ്തു.

00 കിലോമീറ്ററിലധികം ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയ സ്റ്റാർഷിപ്, മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ, ഉപരിതലത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ഉയരത്തിൽ, സ്‌പേസ് എക്‌സിൽ നിന്നുള്ള ലൈവ് സ്ട്രീം വിഡിയോ അതിന്റെ 4 കൺട്രോൾ ഫിനുകളിൽ ഒന്നിന് കേടുപാടുകൾ സംഭവിക്കുന്നതായും ക്യാമറ ലെൻസ് പൊട്ടുന്നതായും കാണിച്ചു. എങ്കിലും പരീക്ഷണലക്ഷ്യം പൂർത്തീകരിച്ചാണ് റോക്കറ്റ് സമുദ്രത്തിൽ പതിച്ചത്.

2023 ഏപ്രിലിൽ നടന്ന സ്റ്റാർഷിപ്പിന്റെ ആദ്യപരീക്ഷണത്തിൽ വിക്ഷേപണം നടന്ന് നാലു മിനിറ്റിനകം റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. അതേവർഷം നവംബറിലെ രണ്ടാം പരീക്ഷണത്തിൽ വിക്ഷേപിക്കപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ സ്റ്റാർഷിപ്പിന്റെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അവസാന പരീക്ഷണത്തിൽ വിജയകരമായി വിക്ഷേപിക്കാനായെങ്കിലും, ഭൗമാന്തരീക്ഷത്തിലേക്ക് തിരികെയെത്തിയ റോക്കറ്റ് കത്തിയമർന്നു.