
ബംഗളൂരൂ: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് ബംഗളൂരു കോടതി. ഈ മാസം പത്ത് വരെ കസ്റ്റഡി കാലാവധി നീട്ടി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിമാൻഡ് അപേക്ഷയിലാണ് 42ാം അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയുടെ ഉത്തരവ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അശോക് നായിക് നാല് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു.
34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31നാണ് പ്രജ്വൽ ജർമ്മനിയിൽ നിന്ന് ബംഗളൂരുവിലെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം പ്രജ്വലിനെ കസ്റ്റഡിയിലെടുക്കുകയും ജൂൺ ഒന്നാം തീയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ജൂൺ ആറ് വരെയാണ് റിമാൻഡ് ചെയ്തിരുന്നത്.
അതിനിടെ, ലൈംഗികാതിക്രമത്തിന് ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ഇപ്പോഴും ഒളിവിലാണ്. നാലു സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഹൊളെനരസിപുരയിലെ വീട്ടിലെത്തി ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം നോട്ടീസ് നൽകിയതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. കേസിൽ ഭവാനിയുടെ ഭർത്താവ് എച്ച്.ഡി. രേവണ്ണയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. നിലവിൽ രേവണ്ണ ഇപ്പോൾ ജാമ്യത്തിലാണ്. ലൈംഗികപീഡനക്കേസിൽ ഉൾപ്പെട്ട പ്രജ്ജ്വൽ രേവണ്ണയ്ക്ക് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽകനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
അതേസമയം, പ്രജ്വൽ അശ്ലീലവീഡിയോകൾ പകർത്തിയ മൊബൈൽഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഒരുവർഷം മുമ്പ് ഈ ഫോൺ നഷ്ടപ്പെട്ടതായി പ്രജ്വൽ ഹൊളെനരസിപുര പൊലീസിൽ പരാതി നൽകിയിരുന്നു. കേസിലെ പ്രധാന തെളിവാകുന്ന മൊബൈൽഫോൺ നശിപ്പിച്ചുകളഞ്ഞതാകാമെന്ന് അന്വേഷണസംഘം കരുതുന്നു.