kochi

വൈപ്പിന്‍: ആഗോള താപനത്തിന്റെ ഫലമായി സമുദ്ര നിരപ്പ് ഉയരുന്നുവെന്ന പഠനവിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നെഞ്ചിടിപ്പോടെ ജീവിക്കുകയാണ് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപ് നിവാസികള്‍. പണ്ടൊരു പ്രളയത്തില്‍ ഉടലെടുത്ത ദ്വീപിന് ആഗോളതാപനത്തെ അതിജീവിക്കാനാകുമോ എന്നാണ് അവിടുത്തുകാരുടെ ഉത്കണ്ഠ. നേരത്തെ പുറത്തുവന്ന ചില പഠനങ്ങളില്‍ 2050 ആകുമ്പോഴേക്കും ദ്വീപ് കടലില്‍ മുങ്ങുമെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഉയരുന്ന സമുദ്രതാപനില അനുസരിച്ച് 2050 ന് മുമ്പേ തന്നെ അത് സംഭവിച്ചേക്കാമെന്ന് സമുദ്ര ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ഗ്രാമപ്രദേശങ്ങളിലൊന്നാണ് വൈപ്പിന്‍ ദ്വീപ്. 2,15000 ആണ് ഇവിടുത്തെ ജനസംഖ്യ.

1341 ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ് 25 കി.മീ. നീളവും ശരാശരി 3 കി.മീ. വീതിയുമുള്ള വൈപ്പിന്‍ ദ്വീപ്. വടക്ക് കൊടുങ്ങല്ലൂര്‍ തുറമുഖം തകര്‍ന്നു പോയതും വെറും പൊഴിയായിരുന്ന വൈപ്പിന്റെ തെക്കേ അറ്റത്ത് കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതേ പ്രളയത്തെ തുടര്‍ന്നാണ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കൊച്ചി കോട്ടപ്പുറം കായലുമാണ്.

രക്ഷയ്ക്ക് ടെട്രോപാഡും കണ്ടല്‍ക്കാടും

രണ്ട് ലക്ഷത്തിലേറെയുള്ള ദ്വീപ് നിവാസികളെ മാറ്റി പാര്‍പ്പിക്കുക എളുപ്പമല്ല. ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ഒരടി ഉയര്‍ന്നാല്‍ ദ്വീപില്‍ വെള്ളം കയറും. ദ്വീപിന്റെ കിഴക്ക് വശത്തുള്ള മഞ്ഞനക്കാട്, നെടുങ്ങാട് ഉപദ്വീപുകള്‍ വരെ വാസയോഗ്യമല്ലാതാകും. അതിനാല്‍ കടലെടുക്കാതെ ദ്വീപിനെ സംരക്ഷിക്കാനുള്ള മാര്‍ഗം അന്വേഷിക്കുകയാണ് ദ്വീപ് നിവാസികള്‍.

1ടെട്രോപാഡ് എന്ന എളുപ്പവഴി

ഉയരുന്ന സമുദ്ര നിരപ്പിനെ പ്രതിരോധിക്കാന്‍ ചെല്ലാനത്തേത് പോലെ ട്രെട്രോപാഡ് നിര്‍മ്മാണമാണ് എളുപ്പ വഴിയായി പലരും നിര്‍ദ്ദേശിക്കുന്നത്. ട്രെട്രോപാഡ് നിര്‍മ്മാണത്തിന് കിലോമീറ്ററിന് 25 കോടിയില്‍പ്പരം രൂപ ചെലവ് വരും. ഇതിന് വേണ്ടി മാത്രം 650 കോടി രൂപ വരും.

2 കണ്ടല്‍ക്കാട് ബദല്‍മാര്‍ഗ്ഗം

പരിസ്ഥിതി വാദികള്‍ നിര്‍ദ്ദേശിക്കുന്നത് കണ്ടല്‍ക്കാടുകള്‍ നട്ട് വളര്‍ത്തലാണ്. ഉപ്പ് വെള്ളത്തില്‍ സമൃദ്ധമായി വളരുന്ന കണ്ടലുകള്‍ തിരമാലകളെ തടഞ്ഞു നിര്‍ത്തി ശക്തി കുറക്കുമെന്നും ഈ രീതിയില്‍ തീരദേശത്തെ രക്ഷിച്ചു നിര്‍ത്താമെന്നുമാണ് വിശദീകരണം. ഇതിനെ ചെലവ് കുറവാണെന്നതാണ് മെച്ചം. ചെടിക്ക് കടലിനെ തടഞ്ഞുനിര്‍ത്താനാകുമോയെന്ന ആളുകളുടെ സംശയം ദുരീകരിക്കാന്‍ സര്‍ക്കാര്‍

സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങേണ്ടി വരും.

സമുദ്ര താപനില ഉയരുന്നത് നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമാണ്. എന്നാല്‍ ആഘാതംകുറയ്ക്കാന്‍ കഴിയും. കോടികള്‍ മുടക്കിയുള്ള കടല്‍ ഭിത്തിക്ക് പകരം കടല്‍ തീരത്ത് കണ്ടല്‍കാടുകള്‍ വച്ച് പിടിപ്പിക്കുകയാണ് പരിഹാര മാര്‍ഗ്ഗം.

കെ.കെ.രഘുരാജ് - സെനറ്റ് അംഗം, കൊച്ചിന്‍ യൂണിവേഴ്സിറ്റി.