d

വാഷിംഗ്ടൺ: മനുഷ്യനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈൻ പേടകം ലക്ഷ്യത്തിലെത്തി. പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. ഫ്ലോറിഡയിൽ നിന്ന് കഴിഞ്ഞ ദിവസം വിക്ഷേപിച്ച സ്റ്റാർലൈനർ ഏകദേശം 27 മണിക്കൂർ യാത്ര ചെയ്താണ് നിലയത്തിൽ എത്തിയത്. ന്യൂയോർക്ക് സമയം ഉച്ചക്ക് 1:34 നാണ് സ്റ്റാർലൈനർ ബഹിരാകാശ നിലയവുമായി ഡോക്കിംഗ് പൂർത്തിയാക്കിയത്. ഡോക്കിംഗ് പ്രക്രിയ പൂർത്തിയാക്കി ഉടൻ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്.

സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് രണ്ട് തവണ മാറ്റി വച്ച വിക്ഷേപണം മൂന്നാം ശ്രമത്തിലാണ് വിജയം കാണുന്നത്. കഴിഞ്ഞ ദിവസം രാത്രി 8.22നായിരുന്നു വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈൻ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച ആശങ്കയുണ്ടാക്കിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേയാണ് രണ്ടിടത്ത് കൂടി ചോർച്ചയുണ്ടായത്.

രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തത്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി.