usa

ഡല്ലാസ്: ട്വന്റി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. മുന്‍ ചാമ്പ്യന്‍മാരും നിലവിലെ റണ്ണറപ്പുകളുമായ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് യുഎസ്എ. 6 പന്തുകളില്‍ 19 റണ്‍സ് വേണമായിരുന്ന പാകിസ്ഥാന് 13 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. മുഹമ്മദ് ആമിര്‍ പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവറില്‍ മൂന്ന് വൈഡ് ബോളുകള്‍ എറിഞ്ഞത് മത്സരഫലത്തില്‍ നിര്‍ണായകമായി. യുഎസ്എക്ക് വേണ്ടി ഇന്ത്യന്‍ വംശജനായ സൗരഭ് നേത്രാവല്‍ക്കറാണ് സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. മത്സരത്തില്‍ രണ്ട് ടീമുകളും 20 ഓവറില്‍ 159 റണ്‍സ് നേടി തുല്യത പാലിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എക്ക് അവസാന മൂന്ന് പന്തുകളില്‍ 12 റണ്‍സ് വേണമായിരുന്നു. ആരണ്‍ ജോണ്‍സ് നാലാം പന്തില്‍ സിക്‌സറും തൊട്ടടുത്ത പന്തില്‍ ഒരു റണ്‍സും നേടി. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമായിരുന്നപ്പോള്‍ നിതീഷ് നേടിയ ബൗണ്ടറിയാണ് മത്സരം ടൈ ആക്കിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ യുഎസ്എ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലാണ് 50(38) കളിയിലെ താരം. ആന്‍ഡ്രിയസ് ഗൗസ് 35(26), ആരണ്‍ ജോണ്‍സ് 36*(26) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. ബാബര്‍ അസം 44(43), ഷദാബ് ഖാന്‍ 40(25) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ 9(8), ഉസ്മാന്‍ ഖാന്‍ 3(3), ഫഖര്‍ സമന്‍ 11(7) എന്നീ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

പാകിസ്ഥാനില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന അസം ഖാന്‍ 0(1) ഗോള്‍ഡന്‍ ഡക്കായി. ഇഫ്തിഖാര്‍ അഹമ്മദ് 18(14), ഷഹീന്‍ അഫ്രീദി 23(16) എന്നിവരുടെ മികവിലാണ് പാകിസ്ഥാന്‍ 150 കടന്നത്.

തുടക്കത്തില്‍ പാക് ബാറ്റിംഗ് നിരയെ യുഎസ്എ ബൗളര്‍മാര്‍ ഞെട്ടിച്ചപ്പോള്‍ ഒരവസരത്തില്‍ 4.4 ഓവറില്‍ 26ന് മൂന്ന് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. യുഎസ്എക്ക് വേണ്ടി നോസ്തുഷ് കെന്‍ജിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൗരബ് നേത്രാവല്‍ക്കര്‍ രണ്ട് വിക്കറ്റും അലി ഖാന്‍, ജസ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.