congress

കോഴിക്കോട് എം.പി എം.കെ രാഘവന്റെ പ്രവർത്തനരീതി രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠമാകേണ്ടതാണെന്ന് സിഎംപി നേതാവ് സി.എൻ വിജയകൃഷ്‌ണൻ. തൊഴിലാളികളുമായുള്ള ബന്ധവും, സിപിഎമ്മിന്റെ ശക്തമായ അടിത്തറയും അനുകൂല ഘടകമായിട്ടുണ്ടായിരുന്ന എളമരം കരിം വിജയിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നപ്പോഴും രാഘവൻ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് വിജയകൃഷ്‌ണൻ പറയുന്നു.

ഓരോ തവണയും ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ടായിരുന്നു എം.കെ രാഘവന്റെ വിജയം. രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതാണ് ഈ വിജയത്തിനു പിന്നിലെ പ്രവര്‍ത്തനരീതിയെന്ന് സി.എൻ വിജയകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് എം.പി വി.കെ ശ്രീകണ്‌ഠനാണ് തന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരാൾ. ശ്രീകണ്ഠന്റെ കൂടെ നടക്കുന്ന ആളുകള്‍ക്കുപോലും അദ്ദേഹം ഇത്തവണ ജയിക്കുമെന്നു വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍, ശ്രീകണ്ഠനു നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പൊതുപ്രവര്‍ത്തകര്‍ എങ്ങനെയാകണമെന്ന് ഉമ്മന്‍ചാണ്ടിക്കു ശേഷം തെളിയിച്ചുതരുന്ന ആളുകളാണ് രാഘവനും ശ്രീകണ്ഠനും. ഇവരുടെ രാഷ്ട്രീയജീവിതവും പ്രവര്‍ത്തനരീതിയും പുതിയ തലമുറ കണ്ടുപഠിക്കേണ്ടതാണെന്ന് സി.എൻ വിജയകൃഷ്‌ണൻ പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''എം.കെ. രാഘവനെയും വി.കെ. ശ്രീകണ്ഠനെയും രാഷ്ട്രീയവിദ്യാര്‍ഥികള്‍ കണ്ടുപഠിക്കണം ഞാന്‍ എന്റെ ഫേസ്ബുക്ക്‌പേജില്‍ രാഷ്ട്രീയം പറയാറില്ല. എന്നാല്‍, എനിക്ക് ഉറച്ച രാഷ്ട്രീയമുണ്ട്. ഞാന്‍ യു.ഡി.എഫിന്റെ ഭാഗമായ സി.എം.പി. ക്കാരനാണ്. ഈ തിരഞ്ഞെടുപ്പില്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഞാനുമായി അടുത്ത ബന്ധമുള്ള രണ്ടു പേരുടെ വന്‍വിജയമാണ്. എം.കെ. രാഘവനും ( കോഴിക്കോട് ) വി.കെ. ശ്രീകണ്ഠനു ( പാലക്കാട് ) മാണ് അവര്‍. കണ്ണൂരില്‍നിന്നു വന്നു കോഴിക്കോട്ട് സ്ഥാനാര്‍ഥിയായ ആദ്യത്തെ തിരഞ്ഞെടുപ്പ് മുതല്‍ എം.കെ. രാഘവനുമായി എനിക്കടുപ്പമുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തോടൊപ്പംനിന്നു ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഞാന്‍. അദ്ദേഹത്തിന്റെ എതിരാളികളായിരുന്ന എ. പ്രദീപ്കുമാറും എളമരം കരീമും ഞാനുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. എളമരം കരീം കോഴിക്കോട്ട് സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹം ജയിക്കുമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അടിത്തട്ടു മുതല്‍ തൊഴിലാളികളുമായുള്ള കരീമിന്റെ ബന്ധവും സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ശക്തമായ മെഷിനറിയും ആ തോന്നലിന് ഒരു കാരണമായിരുന്നു. മറ്റൊന്ന്, രാഘവന്‍ നാലാം തവണ സ്ഥാനാര്‍ഥിയാകുന്നതിന്റെ മടുപ്പ് ജനങ്ങളിലുണ്ടാകും എന്ന തോന്നലാണ്. ഞാനീ പറയുന്നതൊക്കെ രാഷ്ട്രീയത്തിനതീതമായാണ്. ഇലക്ഷന്‍ഫലം വന്നുകഴിഞ്ഞു. പഴയ തോന്നലുകളൊക്കെ അതോടെ അപ്രസക്തമായി.

തിരഞ്ഞെടുപ്പുസമയത്ത് ഓരോ ദിവസവും എം.കെ. രാഘവനുമായി ഞാന്‍ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്യുമായിരുന്നു. ഓരോ സംഘടനാപ്രശ്‌നവും പറഞ്ഞുതീര്‍ക്കുമ്പോള്‍ രാഘവന്‍ പറയുമായിരുന്നു: ' വിജയകൃഷ്ണന്‍ ബേജാറാവണ്ട. നമ്മള്‍ 60,000 വോട്ടിന് ജയിക്കും. അവര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, എന്തു വേണമെങ്കിലും ചെയ്‌തോട്ടെ.' കൂടെ നില്‍ക്കുന്ന ആളുകളെക്കുറിച്ചുതന്നെയാണ് അദ്ദേഹം ഈ അവര്‍ എന്നു പറയുന്നത്. കോഴിക്കോട് സിറ്റിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒരു സഹകരണബാങ്കുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ പത്രസമ്മേളനം നടത്തുകയും നാനൂറോളം പ്രവര്‍ത്തകര്‍ മാറിനില്‍ക്കുകയും ചെയ്തപ്പോള്‍ ഞാനെന്റെ ശങ്ക അറിയിച്ചിരുന്നു. അതു പരിഹരിക്കേണ്ടേ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം 60,000 വോട്ടിന്റെ വിജയമുണ്ടാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ സി.എം.പി. നടത്തിയ അവലോകനത്തില്‍ 22,000 വോട്ടിനു രാഘവന്‍ ജയിക്കും എന്നാണു വിലയിരുത്തിയിരുന്നത്. കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരായ വികാരമുണ്ടാവുകയാണെങ്കില്‍ അത് 60,000 വോട്ടുവരെ എത്തും എന്നും ഞങ്ങള്‍ വിലയിരുത്തിയിരുന്നു. അതു പത്രങ്ങളിലൊക്കെ വരികയും ചെയ്തു. പക്ഷേ, രാഘവന്റെ ആ വലിയ ആത്മവിശ്വാസത്തിനുമപ്പുറത്തെ നേട്ടമാണ് അദ്ദേഹത്തിനുണ്ടായത്. 1,46,176 വോട്ടിന്റെ ഭൂരിപക്ഷം. ആ ഭൂരിപക്ഷം പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ആയിരത്തില്‍ത്താഴെയായിരുന്നു ഭൂരിപക്ഷം. 2014 ല്‍ അത് 16,883 ആയി. 2019 ല്‍ 85,225 ആയി കുതിച്ചുയര്‍ന്നു. ഇപ്പോഴിതാ ഒന്നര ലക്ഷത്തിനടുത്തു ഭൂരിപക്ഷം. രാഷ്ട്രീയവിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ് ഈ വിജയത്തിനു പിന്നിലെ പ്രവര്‍ത്തനരീതി. നാല് ടേമിലുടെ രാഘവന്‍ കടന്നുപോകുമ്പോള്‍ ആ എഞ്ചിന്റെ കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതൊരു അത്ഭുതമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.

പാലക്കാട്ട് ജയിച്ച വി.കെ. ശ്രീകണ്ഠനും എന്റെ അടുത്ത സുഹൃത്താണ്. നെന്മാറയില്‍നിന്നു ഞാന്‍ നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ ശ്രീകണ്ഠന്‍ എന്നെ ജയിപ്പിക്കാന്‍ നല്ലോണം ശ്രമിച്ചിട്ടുണ്ട്. അക്കാലത്ത് ഞാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ശ്രീകണ്ഠനുമായി ബന്ധപ്പെടാറുണ്ട്. ശ്രീകണ്ഠനെ മാത്രമല്ല പാലക്കാട്ടുള്ള എല്ലാ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കാറുണ്ടായിരുന്നു. ശ്രീകണ്ഠന്റെ കൂടെ നടക്കുന്ന ആളുകള്‍ക്കുപോലും അദ്ദേഹം ഇത്തവണ ജയിക്കുമെന്നു വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍, ശ്രീകണ്ഠനു നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നോട് പറയുമായിരുന്നു കഴിഞ്ഞതവണത്തെക്കാള്‍ മൂന്നിരട്ടി വോട്ടിനു ജയിക്കുമെന്ന്. പക്ഷേ, എനിക്കും സംശയമുണ്ടായിരുന്നു. ഞാന്‍ പലതവണ കണക്കുകൂട്ടി നോക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലൊക്കെ ഭീമമായ ഭൂരിപക്ഷം എല്‍.ഡി.എഫിനാണ്. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമുള്ള എല്‍.ഡി.എഫിനു മുന്നില്‍ യു.ഡി.എഫ.് എങ്ങനെ പിടിച്ചുനില്‍ക്കും എന്നതായിരുന്നു എന്റെ സംശയം. പക്ഷേ, അതെല്ലാം അസ്ഥാനത്തായി. അദ്ദേഹം ഇന്നലെ എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ' ഇപ്പോള്‍ വിജയകൃഷ്‌ണേട്ടനു മനസ്സിലായില്ലേ ഞാന്‍ പറഞ്ഞത് ശരിയാണെന്ന്. ' അദ്ദേഹം പറഞ്ഞതിലും കൂടുതല്‍ ഭൂരിപക്ഷത്തിനാണു ജയിച്ചത്. അദ്ദേഹം 40,000 വോട്ടിന്റെ ഭൂരിപക്ഷമാണു വിചാരിച്ചത്. എന്നാല്‍, ജയിച്ചത് 75,283 വോട്ടിനാണ്. 2014 ല്‍ എം.ബി. രാജേഷ് ( സി.പി.എം ) 1,05,300 വോട്ടിനു ജയിച്ച മണ്ഡലമാണു ശ്രീകണ്ഠന്‍ 2019 ല്‍ 11,637 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചത്. എം.കെ. രാഘവനും വി.കെ. ശ്രീകണ്ഠനും രാഷ്ട്രീയത്തില്‍ എന്നെ അത്ഭുതപ്പെടുത്തുകയാണ്. രാഘവന്റെ തിരഞ്ഞെടുപ്പില്‍ ആരവങ്ങളുണ്ടായിരുന്നില്ല. ഒരു സാധാരണ തിരഞ്ഞെടുപ്പുപോലെയാണ് അദ്ദേഹത്തിന്റെ പ്രചരണങ്ങള്‍ മുന്നോട്ടു പോയിരുന്നത്. രാഘവനും ശ്രീകണ്ഠനും ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കായി ഒരു വോട്ട്ബാങ്ക് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഇതില്‍ നിന്നു മനസ്സിലാകുന്നത്. പൊതുപ്രവര്‍ത്തകര്‍ എങ്ങനെയാകണമെന്ന് ഉമ്മന്‍ചാണ്ടിക്കു ശേഷം തെളിയിച്ചുതരുന്ന ആളുകളാണ് രാഘവനും ശ്രീകണ്ഠനും. ഇവരുടെ രാഷ്ട്രീയജീവിതവും പ്രവര്‍ത്തനരീതിയും പുതിയ തലമുറ കണ്ടുപഠിക്കേണ്ടതാണ്.

കേരളത്തിൽ നിന്നും ജയിച്ച യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും എൻ ഡി എയുടെയും 20 എം പി മാർക്കും പാര്‍ലമെന്റില്‍ തിളങ്ങാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയാണ്''.