
സർവമത പ്രാർത്ഥന, ഗണപതിഹോമം, ജ്വലിക്കുന്ന ഹോമകുണ്ഡത്തിന് മുന്നിൽ രാജ്യത്തെ പ്രമുഖ സന്യാസി ശ്രേഷ്ഠൻമാരുടെ നേതൃത്വത്തിൽ പൂജയും പുഷ്പാർച്ചനയും. ഒടുവിൽ ചെങ്കോൽ സ്ഥാപിക്കലും. പിന്നീട് അതിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാഷ്ടാംഗ പ്രണാമവും. കഴിഞ്ഞ വർഷം മേയിലാണ് ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സമാനമായി ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം ആർക്കിടെക്റ്റെന്ന് വിശേഷണം പേറുന്ന ബിമൽ ഹസ്‌മുഖ് പട്ടേലായിരുന്നു മന്ദിരത്തിന്റെ രൂപകല്പന.
ഭാരതത്തിൽ പൊതുവെ ത്രികോണ രൂപത്തിൽ കെട്ടിടം നിർമ്മിക്കാറില്ല. വാസ്തുശാസ്ത്രത്തിന് എതിരാണെന്നതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ പാർലമെന്റ് മന്ദിരത്തിന്റെ ത്രികോണ രൂപത്തിന് വിശ്വാസത്തിന്റെ പരിവേഷം നൽകിക്കൊണ്ടായിരുന്നു ബിമൽ നിർമാണവുമായി മുന്നോട്ടുപോയത്. രാജ്യത്തെ വിവിധ സംസ്കാരങ്ങളിലും മതവിശ്വാസങ്ങളിലും മൂന്ന് എന്ന സംഖ്യക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് പാർലമെന്റ് മന്ദിരത്തിന് ത്രികോണ രൂപം നൽകിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ ഇത് തികച്ചും തെറ്റാണെന്നും തൃകോണ രൂപത്തിലുള്ള കെട്ടിടങ്ങൾ വാസ്തുശാസ്ത്ര വിശ്വാസത്തിന് എതിരാണെന്നുമാണ് പ്രമുഖ വാസ്തുശാസ്ത്രകാരന്മാർ ചൂണ്ടിക്കാണിച്ചിരുന്നത്. ത്രികോണ രൂപത്തിലുള്ള കെട്ടിടം മനുഷ്യവാസത്തിന് യോജിച്ചല്ലെന്നും അങ്ങനെ ചെയ്താൽ ദോഷങ്ങൾ ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സമയത്ത് വാസ്തുശാസ്ത്രകാരന്മാർ പറഞ്ഞത് വീണ്ടും ചർച്ചയാവുകയാണ്. അന്ന് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറഞ്ഞത് കാര്യമായി എടുക്കാത്തതുകൊണ്ടാണ് എൻഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തതെന്നും മോദിയുടെ ഭൂരിപക്ഷം കാര്യമായി ഇടിഞ്ഞതെന്നുമുളള അഭിപ്രായങ്ങൾ സോഷ്യൽമീഡിയിൽ നിറഞ്ഞോടുകയായിരുന്നു.
വാസ്തുവിദ്യയിൽ പരിഗണിക്കപ്പെടുന്ന ഒരേയൊരു യന്ത്രം വാസ്തു പുരുഷ മണ്ഡലമാണ്. ഇത് ഒരു ചതുര രൂപമാണ്.അത് ക്രമേണ വലിയ ചതുരങ്ങളായി മാറുന്നു. ഘടനയുടെ വലിപ്പം. വാസ്തു തത്ത്വങ്ങളിൽ ത്രികോണ രൂപങ്ങൾക്കോ താന്ത്രിക ശ്രീ ചക്രത്തിനോ സ്ഥാനമില്ല, കാരണം അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നു. അങ്ങനെ ചെയ്താൽ ദുരിതങ്ങളൊഴിയില്ലെന്നുമാണ് വാസ്തുശാസ്ത്രകാരന്മാർ അന്ന് പറഞ്ഞിരുന്നത്.