pak-cricket

ടെ‌ക്‌സാസ്: ട്വന്റി‌ 20 ലോകകപ്പിൽ ഇത്തവണത്തേതിൽ ഏറ്റവും വലിയ അട്ടിമറിയായിരുന്നു കഴിഞ്ഞ ദിവസം ടെക്‌‌സാസിലെ ഗ്രാന്റ് പ്രയറി സ്‌റ്റേഡിയത്തിൽ നടന്നത്. മുൻ ചാമ്പ്യന്മാരായ പാകിസ്ഥാനെ കന്നി പോരാട്ടത്തിൽ അഞ്ച് റൺസിന് കീഴടക്കി അമേരിക്ക ഞെട്ടിച്ചു. ട്വന്റി 20 ക്രിക്കറ്റിലെ മികച്ച ബാറ്റർമാരായ മൊഹമ്മദ് റിസ്വാനും ബാബർ അസമും ശക്തമായ ബൗളിംഗും ലൈനപ്പുമെല്ലാമുള്ള പാകിസ്ഥാനോട് നിശ്ചിത 20 ഓവറിൽ സമനില പാലിച്ച ശേഷം സൂപ്പർ ഓവറിലാണ് അഞ്ച് റൺസിന് യുഎസ്എ‌ ജയിച്ചത്. ഇതോടെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പാകിസ്ഥാന് നേരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

പാകിസ്ഥാനെ തോൽപ്പിച്ച് അമേരിക്കൻ ക്രിക്കറ്റ് ചരിത്രം കുറിച്ചിരിക്കുന്നു എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ എക്‌സിൽ കുറിച്ചത്. അമേരിക്കൻ ക്രിക്കറ്റ് ടീം ക്രിക്കറ്റ്‌ലോകത്തിന്റെ ആദരവ് നേടിയിരിക്കുന്നതായി മുൻ ഇന്ത്യൻ താരം വസീം ജാഫറും അഭിപ്രായപ്പെട്ടു. 'പാകിസ്ഥാൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കണം' എന്നും ചില ആരാധകർ ആവശ്യപ്പെടുന്നു.

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത അമേരിക്ക ആദ്യം പാകിസ്ഥാനെ പ്രഹരമേൽപ്പിച്ചിരുന്നു. 20 റൺസ് തികയും മുൻപ് പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകൾ അവർ വീഴ്‌ത്തി. എന്നാൽ ക്യാപ്റ്റൻ ബാബർ അസമും ഷദാബ് ഖാനും ചേർന്ന് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോർ നൽകി. ബാബർ 44ഉം ഷദാബ് 40 റൺസും നേടി പുറത്തായി. അമേരിക്കക്കായി നോഷ്‌തുഷ് കെഞ്ചിഗെ നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. നിശ്ചിത 20 ഓവറിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസ് നേടി.

നായകൻ മോണാക് പട്ടേൽ (50)​,​ ആരോൺ ജോൺസ് (പുറത്താകാതെ 36)​,​ ആൻഡ്രിയേസ് ഗോസ് (35)​ എന്നിവർ ബാറ്റിംഗിൽ യുഎസ്‌എയ്‌ക്കായി തിളങ്ങി. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ അവർ 159 റൺസ് നേടിയതോടെ സൂപ്പർ ഓവറിലേക്ക് മത്സരം തിരിഞ്ഞു. മുഹമ്മദ് ആമിർ എറിഞ്ഞ സൂപ്പർ ഓവറിൽ അമേരിക്ക 18 റൺസ് നേടി. മറുപടിയായി പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്‌ടത്തിൽ 13 റൺസ് നേടാനായുള്ളു.

ചിരവൈരികളായ ഇന്ത്യയാണ് പാകിസ്ഥാനെ അടുത്തതായി നേരിടുക. നിലവിൽ രണ്ട് മത്സരങ്ങളിൽ വിജയിച്ച് നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് അമേരിക്ക. അയർലന്റിനും പാകിസ്ഥാനും ഇതുവരെ പോയിന്റുകൾ ലഭിച്ചിട്ടില്ല.