
ഏറ്റവും നിഷ്‌കളങ്കമായ മനസിനുടമകളാണ് കുട്ടികൾ. അവർ പാട്ട് പാടുന്നതിന്റെയും ഡാൻസ് കളിക്കുന്നതിന്റെയും മിമിക്രി കാണിക്കുന്നതിന്റെയുമൊക്കെയുള്ള വീഡിയോകളും ഇതിനുമുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിൽ ചിലതൊക്കെ നമ്മളെ ചിരിപ്പിക്കുന്നതിന് പകരം ചിന്തിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു മൂന്ന് വയസുകാരനും അമ്മയും തമ്മിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രായമായ സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് വലിച്ചെറിയുന്ന, വയോധികരായ രക്ഷിതാക്കൾ ബാദ്ധ്യതയാണെന്ന് കരുതുന്ന മക്കൾ ഒരുപാട് കാര്യങ്ങൾ ഈ മൂന്ന് വയസുകാരനിൽ നിന്ന് പഠിക്കേണ്ടതായിട്ടുണ്ട്. തനിക്ക് സുഖമില്ലെന്ന് കുട്ടിയോട് അമ്മ പറയുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. മകന്റെ പരിചരണം ലഭിക്കാനുള്ള അമ്മയുടെ അഭിനയമായിരുന്നു ഇത്. ഇത് കുട്ടി അറിയുന്നില്ല. അമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞതോടെ മൂന്ന് വയസുകാരൻ നൽകുന്ന പരിചരണമാണ് ഈ വീഡിയോയിലുള്ളത്.
ആദ്യം തന്നെ അവിടെയുള്ള ആരോടോ ഫാൻ ഇടാൻ പറയുകയാണ് കുട്ടി. തുടർന്ന് വേഗം കിടപ്പുമുറിയിലേക്ക് പോയി. അവിടെ നിന്ന് തലയണയെടുത്തുകൊണ്ടുവന്ന് അമ്മയ്ക്ക് നൽകുന്നു. തുടർന്ന് ചുമച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ തലയിൽ തലോടുന്നു. അമ്മയെ മടിയിൽ കിടത്തി താരാട്ട് പാടിക്കൊടുക്കുകയാണ് കൊച്ചുമിടുക്കൻ.
നടിയും അവതാരകയുമായ പാർവതി കൃഷ്ണയാണ് ഈ ക്യൂട്ട് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. "അച്ചൂന് ഇഷ്ടപെട്ട ആരാണേലും അവർക്കു എന്തെങ്കിലും വയ്യാതായാൽ എന്റെ കുഞ്ഞിന് നല്ല വിഷമം ആണ്, അപ്പോൾ അവന്റെ അമ്മക്ക് വയ്യെന്ന് തോന്നിയാൽ എന്തായിരിക്കും..പ്രായത്തിനപ്പുറം അവൻ കാണിക്കുന്ന ആ ഒരു സ്നേഹം ഉണ്ട്, അത് ഇടക്കിടക് കിട്ടാൻ ഇങ്ങനെ എന്റെ ചെറിയ അഭ്യാസങ്ങളും ഉണ്ട് ...
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് അച്ചു എന്നെ കൊഞ്ചിക്കുന്നത് ... നമ്മുടെ ഉള്ളിലെ പഴയ കുട്ടികാലത്തെ ഓർമകളെ ഒന്നുകൂടെ ഓർമ്മിപ്പിക്കാൻ ഇതുപോലെ ഉള്ള ചെറിയ കൊഞ്ചിക്കലുകൾ മാത്രം മതി. ഒരു മൂന്ന് വയസ്സുകാരന്റെ സ്നേഹം ഇതുപോലെ തന്നെ ചുറ്റുമുള്ളവരോട് അങ്ങോട്ടുള്ള അവന്റെ ജീവിതത്തിൽ അവനുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ— അച്ചൂന്റെ അമ്മ" എന്ന അടിക്കുറിപ്പോടെയാണ് പാർവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്. നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. പാർവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മുമ്പ് കുഞ്ഞിനൊപ്പമുള്ള വേറെയും വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.
ം