
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത്‌മുന്നണിയ്‌ക്കുണ്ടായ കനത്ത പരാജയത്തെ വിമർശിച്ച് സമസ്‌ത. സംഘടനാ മുഖപത്രമായ സുപ്രഭാതത്തിലെ ലേഖനത്തിൽ മുഖ്യമന്ത്രിയ്‌ക്കും സിപിഎമ്മിനും ഇടത് മുന്നണിയെയും വിമർശന വിധേയമാക്കുന്നുണ്ട്. കേരളം മാതൃകയായ വിവിധ മേഖലകൾ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ലെന്ന് ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്‌ട്യത്തിൽ തുടങ്ങി വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം വരെ എണ്ണിപ്പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനം എഴുതിയ വിധിയെന്ന് സമസ്‌ത അഭിപ്രായപ്പെടുന്നു.
'2019ന് സമാനമായി എൽ.ഡി.എഫിന് ഇക്കുറിയും ലഭിച്ചിരിക്കുന്നത് ഒരു സീറ്റ് മാത്രമാണ്. സ്ഥിതി മെച്ചപ്പെടുത്താൻ കഴിയാത്തതിലേറെ, വോട്ടുവിഹിതത്തിലുണ്ടായ കുറവാണ് സി.പി.എമ്മിനെ ഏറെ ആശങ്കപ്പെടുത്തുന്നത്. പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം.
തൊഴിലാളി പാർട്ടിയായ സി.പി.എം എത്രമാത്രം സാധാരണ ജനങ്ങളിൽനിന്ന് അകന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു പാഠം. തുടർച്ചയായി സർക്കാരും സി.പി.എമ്മും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളും നയങ്ങളും അതിരൂക്ഷമായ വിമർശനങ്ങൾക്ക് കഴിഞ്ഞ കുറെ നാളുകളായി ഇടയാക്കിയിരുന്നു. ജനഹിതം എതിരാണെന്ന് അറിഞ്ഞിട്ടും അതേ നയങ്ങൾ തുടരാനായിരുന്നു സർക്കാർ ശ്രദ്ധ ചെലുത്തിയത്.' ലേഖനത്തിൽ പറയുന്നു.
തുടർഭരണം നൽകിയ അധികാര ധാർഷ്‌ട്യം പ്രാദേശിക സിപിഎം നേതാക്കളെ പോലും സാധാരണക്കാരിൽ നിന്നും അകറ്റിയതായി സമസ്‌ത മുഖപത്രത്തിലെ ലേഖനത്തിലുണ്ട്. 'മൂന്നാം വർഷത്തിലൂടെയാണ് സർക്കാർ കടന്നുപോകുന്നതെങ്കിലും ജനങ്ങളുടെ മേൽ അടച്ചേൽപ്പിച്ച സാമ്പത്തിക ഭാരത്തിന് ഒരു അറുതിയുമുണ്ടായില്ല. 4000 കോടിയോളം രൂപയുടെ നികുതിയാണ് അധികമായി ചുമത്തിയത്. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ രണ്ടു രൂപ സെസ് തുടർന്നു. കെട്ടിട നിർമാണമേഖലയിലെ നികുതിയും ഫീസുകളും ഗണ്യമായി വർധിപ്പിച്ചു. ജനക്ഷേമ പ്രവർത്തനത്തിലൂടെ തുടർഭരണത്തിലെത്തിയ എൽ.ഡി.എഫ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതികളെല്ലാം ഉപേക്ഷിച്ചപ്പോൾ നിരാശയുടെ പടുകുഴിയിലാണ്ടവരുടെ പ്രതിഷേധത്തിന്റെ തോത് എത്രയെന്നറിയാൻ കഴിഞ്ഞില്ല. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞുനിർത്താനായില്ല. മാവേലി സ്‌റ്റോറുകളും സപ്ലൈകോ സ്‌റ്റോറുകളും കാലിയായി. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.'
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ഉയർന്ന ആരോപണങ്ങളിൽ സിപിഎം മതിയായ ശ്രദ്ധ കൊടുത്തില്ല. അതേസമയം 18 സീറ്റ് എന്ന വലിയ സംഖ്യയാണ് യുഡിഎഫ് അക്കൗണ്ടിൽ വന്നിരിക്കുന്നതെന്നും ഇത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും യുഡിഎഫിന് നൽകുന്നതാണെന്നും സമസ്‌ത മുഖപത്രത്തിൽ പറയുന്നു.