mobile-use

തലച്ചോറിന്റെ സാധാരണനിലയിലുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള കോശങ്ങളുടെ അമിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമറെന്ന് നമുക്ക് ലളിതമായി പറയാം. നേരത്തേയുണ്ടായിട്ടുള്ള അപകടങ്ങള്‍, ശൈശവാവസ്ഥയില്‍ റേഡിയേഷന് വിധേയമാകുക, പാരമ്പര്യ ഘടകങ്ങള്‍, ജീവിക്കുന്ന പരിതസ്ഥിതിയിലുള്ള രാസവസ്തുക്കളുടേയും വിഷ പദാര്‍ഥങ്ങളുടേയും സ്വാധീനം എന്നിങ്ങനെ ബ്രെയിന്‍ ട്യൂമറിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍ പലതുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെ ഈ രോഗാവസ്ഥയിലേക്കെത്തിക്കുന്ന കാരണം എന്താണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

മൊബൈല്‍ ഉപഭോഗം ബ്രെയിന്‍ ട്യൂമറിന് കാരണമാകുമെന്നതിന് തെളിവുകളൊന്നുംതന്നെയില്ല. എങ്കിലും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കേണ്ടിവരുന്ന വ്യക്തികളാണ് നിങ്ങളെങ്കില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാവും നല്ല ശീലം.

ലക്ഷണങ്ങള്‍

ഓരോ വ്യക്തിയിലും രോഗ ലക്ഷണങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അടിക്കടിയുണ്ടാവുന്ന തലവേദന, പ്രത്യേകിച്ച് രാവിലെ ഛര്‍ദ്ദിയോടു കൂടിയ തലവേദന, കാഴ്ചയ്‌ക്കോ കേള്‍വിയിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ ബലക്കുറവ്, ഓര്‍മ ശക്തി നഷ്ടപ്പെടുക, ചിന്താശേഷിയിലുള്ള പ്രയാസങ്ങള്‍, ചുഴലി അഥവാ അപസ്മാരം തുടങ്ങിയവ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളാണ്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രയാസം അനുഭവിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗത്തില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ പ്രധാനമാണ്.


രോഗ നിര്‍ണ്ണയം

കൃത്യമായ രോഗ നിര്‍ണ്ണയം പരമ പ്രധാനമാണ്. ശാരീരിക പ്രതികരണങ്ങള്‍, ബലം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം, അവയവങ്ങളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവ ന്യൂറോളജിക്കല്‍ എക്സാമിലൂടെ മനസ്സിലാക്കാം. ആദ്യ ഘട്ട പരിശോധനയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഇമേജിംഗ് പരിശോധനകളും വിശദമായ പരിശോധനകള്‍ക്കായി എംആര്‍ഐയും, ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നും ആരംഭിച്ച് മസ്തിഷ്‌കത്തിലേക്ക് വ്യാപിക്കപ്പെട്ടു എന്ന് സംശയിക്കപ്പെടുകയാണെങ്കില്‍ പിഇടി (PET) സ്‌കാനും രോഗ നിര്‍ണയ ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ചികിത്സാ രീതികള്‍

ട്യൂമറിന്റെ സ്വഭാവം, വലിപ്പം, ട്യൂമര്‍ രൂപപ്പെട്ടിരിക്കുന്ന സ്ഥലം, ലക്ഷണങ്ങള്‍, രോഗിയുടെ ശാരീരിക ആരോഗ്യം തുടങ്ങിയവയെ അടിസ്ഥാനമാക്കി ചികിത്സാ രീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.

ശസ്ത്രക്രിയ : തലച്ചോറിന്റെ സുപ്രധാനമായി പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സാധ്യമാകുന്ന അളവില്‍ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും.

റേഡിയേഷന്‍ തെറാപ്പി : ക്യാന്‍സര്‍ കോശങ്ങളേയും, ഗുരുതരമല്ലാത്ത ട്യൂമറുകളേയും റേഡിയേഷന്‍ ചികിത്സയിലൂടെ പ്രതിരോധിക്കുന്നു.

കീമോ തെറാപ്പി: പലപ്പോഴും ശസ്ത്രക്രിയയും റേഡിയേഷനും ചേര്‍ന്നുള്ള ചികിത്സാ രീതിയാണിത്.

രോഗ മുക്തിയും ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളും:

ബ്രെയിന്‍ ട്യൂമറില്‍ നിന്നുള്ള രോഗമുക്തി ദീര്‍ഘകാലത്തോളം ശ്രദ്ധവേണ്ടുന്ന ഒരു പ്രക്രിയയാണ്. റീഹാബിലിറ്റേഷന്‍, ഫോളോ അപ്പ് കെയര്‍, സപ്പോര്‍ട്ട് സര്‍വ്വീസസ് തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്‌ക്കൊപ്പം ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയും കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായി മാറിക്കഴിഞ്ഞു. ഇമേജ് ഗൈഡന്‍സ്, ന്യൂറോ നാവിഗേഷന്‍, ഇന്‍ട്രാ ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ്, രോഗിയെ ഉണര്‍ത്തി ഇരുത്തിയുള്ള ക്രാണിയോടോമി ശസ്ത്രക്രിയ തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ആരോഗ്യവിദഗ്ധരുടെ കൂട്ടായ ശ്രമങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ രോഗികളുടെ രോഗമുക്തി നിരക്കും ഉയരുകയാണ്.

ബ്രെയിന്‍ ട്യൂമറിനെപ്പറ്റി മനസ്സിലാക്കുക എന്നതാണ് രോഗത്തോട് പൊരുതുവാനുള്ള ആദ്യ ആയുധം. രോഗ ലക്ഷണങ്ങളെ എത്രയും നേരത്തേ തിരിച്ചറിയുന്നതും, കൃത്യസമയത്ത് ചികിത്സ തേടുന്നതും രോഗത്തില്‍ നിന്നും രക്ഷനേടുവാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും.


ഡോ. തരുണ്‍ കൃഷ്ണ
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി