
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രൻ എന്ന ചിത്രത്തിൽ സജിൻ ഗോപുവും. ആവേശം സിനിമയിൽ ഫഹദിന്റെ രങ്കൻ ചേട്ടനൊപ്പം തരംഗം തീർത്ത അമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സജിൻ ഗോപു. ആവേശത്തിനുശേഷം ഫഹദും സജിൻ ഗോപുവും ഒരുമിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കരാട്ടെ ചന്ദ്രൻ. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഒാടും കുതിര ചാടും കുതിര എന്ന ചിത്രത്തിനുശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണ് കരാട്ടെ ചന്ദ്രൻ.കല്യാണി പ്രിയദർശൻ ആണ് ഒാടും കുതിര ചാടും കുതിരയിൽ നായിക. അതേസമയം ആവേശത്തിനുശേഷം ഫഹദിന്റെ താരമൂല്യം ഉയർന്നിരിക്കുകയാണ്. എസ്. ഹരീഷും, വിനോയ് തോമസും ചേർന്നാണ് കരാട്ടെ ചന്ദ്രന്റെ രചന നിർവഹിക്കുന്നത്. മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തൻ ചിത്രങ്ങളിൽ കോ - ഡയറക്ടറായി റോയ് പ്രവർത്തിച്ചിരുന്നു. സജിൻ ഗോപു നായകനായി അരങ്ങേറ്റം കുറിക്കുന്ന നവാഗതനായ ശ്രീജിത്ത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ 10ന് ആലുവയിൽ ആരംഭിക്കും. അനശ്വര രാജനാണ് നായിക. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് രചന. ഇതാദ്യമായാണ് ജിതു മാധവൻ മറ്റൊരു സംവിധായകനു വേണ്ടി രചന നിർവഹിക്കുന്നത്.
ഫഹദ് ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.