
നായിക തിളക്കത്തിലാണ് മലയാളത്തിന്റെ യുവതാരം ദേവിക സഞ്ജയ്. സത്യൻ അന്തിക്കാടിന്റെ കണ്ടെത്തലായ ദേവിക സഞ്‌ജയ് ആദ്യമായി നായിക വേഷത്തിൽ എത്തിയ ചിത്രമാണ് നാദിർഷ സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ ജാനകി എന്ന നായിക കഥാപാത്രമായി ദേവിക തിളങ്ങുക തന്നെ ചെയ്തു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദേവിക വെള്ളിത്തിരയിൽ എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിൽ ജയറാമിന്റെയും മീരജാസ്‌മിന്റെയും മകളായും എത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ദേവികയുടെ ആദ്യ നായിക കഥാപാത്രമാണ് ജാനകി.സിനിമയിൽ മനോഹരമായ യാത്ര നടത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ദേവിക. സ്വന്തം വീട്ടിലെ കുട്ടിയുടെ ഇമേജ് പ്രേക്ഷകർ ദേവികയ്ക്ക് നൽകുന്നു.