
പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനു പിന്നിലെ മലയാളത്തിന്റെ പ്രിയ യുവതാരം നസ്ളിൻ തമിഴ് അരങ്ങേറ്റത്തിന്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ളിയുടെ അടുത്ത ഷെഡ്യൂളിൽ നസ്ലിൻ ജോയിൻ ചെയ്യും.മങ്കാത്ത സിനിമയിലേതു പോലെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അജിത്ത് എത്തുന്നത്. ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് മാത്യു തോമസും നസ്ളിനും. ലിയോ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകനായാണ് മാത്യു തോമസ് തമിഴ് അരങ്ങേറ്റം നടത്തിയത്. ഗുഡ് ബാഡ് അഗ്ളിയിൽ അജിത്തിന്റെ മകന്റെ വേഷത്തിലാണോ നസ്ളിൻ എത്തുന്നതെന്ന് അറിവായിട്ടില്ല. അതേസമയം പ്രേമലുവിന്റെ സൂപ്പർ ഹിറ്റ് വിജയത്തിലൂടെ തമിഴിലും തെലുങ്കിലും നസ്ളിന് ഏറെ ആരാധകരെ ലഭിച്ചു. ഖാലിദ് റഹ്‌മാൻ, അഭിനവ് സുന്ദർ നായക്, ഡൊമിനിക് അരുൺ എന്നിവരുടെ ചിത്രങ്ങളിൽ നസ്ളിൻ ആണ് നായകൻ.ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാനാണ് നിർമ്മിക്കുന്നത്.
പ്രേമലു 2 ആണ് നസ്ളിന്റെ മറ്റൊരു പ്രോജക്ട്. ഐ ആം കാതലൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് റിലീസായാണ് ഒരുങ്ങുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നാലു ചിത്രങ്ങളിലും നസ്ളിൻ അഭിനയിച്ചു.