
ന്യൂഡൽഹി: നടിയും നിയുക്ത എം.പിയുമായ നടിയുമായ കങ്കണ റണൗട്ടിനെ മർദ്ദിച്ച കേസിൽ സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധനക്കിടെ സി.ഐ.എസ്.എഫ് കോൺസ്റ്റബിളായ കുൽവിന്ദർ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു.കർഷക സമരത്തെക്കുറിച്ച് മോശമായി സംസാരിച്ചതിനാണ് തല്ലിയതെന്നും തന്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെയാണ് അപമാനിച്ചതെന്നും കുൽവിന്ദർ കൗർ പ്രതികരിച്ചിരുന്നു. തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതിനിടെ, വിഷയത്തിൽ ഇടപെടാത്ത സിനിമാ പ്രവർത്തകരെ വിമർശിച്ച് കങ്കണ രംഗത്തെത്തി.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആക്രമിച്ച സംഭവത്തിൽ എന്തുകൊണ്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്ന് കങ്കണ ചോദിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. അധികം കഴിയുംമുമ്പ് അത് നീക്കം ചെയ്യുകയും ചെയ്തു. "ഒന്നെങ്കിൽ നിങ്ങൾ ആഘോഷിക്കുകയായിരിക്കും. അല്ലെങ്കിൽ മൗനത്തിലായിരിക്കും. ഓർക്കുക, നാളെ ഇസ്രയേലിനെയോ പാലസ്തീനെയോ അനുകൂലിച്ചതിന്റെ പേരിൽ ആരെങ്കിലും നിങ്ങളെ തല്ലുമ്പോൾ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാൻ പോരാടുന്നത് കാണാം"- കങ്കണ കുറിച്ചു.
ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാൻ കങ്കണ എത്തിയപ്പോഴായിരുന്നു സംഭവം.