divya-suresh

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. നടന്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ നേടിയത് 74,686 വോട്ടുകളുടെ തകര്‍പ്പന്‍ വിജയമാണ്. വി.എസ് സുനില്‍കുമാര്‍, കെ മുരളീധരന്‍ എന്നിവരെ ശക്തമായ ത്രികോണ മത്സരത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

അച്ഛന്‍ നേടിയ വിജയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മകള്‍ ഭാഗ്യ സുരേഷ്. സഹോദരന്‍ ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രം കാണാന്‍ തിയറ്ററില്‍ ഭര്‍ത്താവിനും സഹോദരനും ഒപ്പം എത്തിയതായിരുന്നു ഭാഗ്യ.

അച്ഛന്റെ വിജയത്തില്‍ വലിയ സന്തോഷമുണ്ടെന്നും നാട്ടുകാര്‍ക്ക് വേണ്ടി വളരെ അധ്വാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മകള്‍ ഭാഗ്യ പറഞ്ഞു. എത്ര കളിയാക്കിയാലും അച്ഛന്‍ അത് തുടരുക തന്നെ ചെയ്യും. അതിപ്പോ തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും അച്ഛന്‍ അങ്ങനെയാണ്. അച്ഛന്‍ വഴിപാടായി നല്‍കിയതിനെ പോലും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും ഭാഗ്യ പറഞ്ഞു.

അച്ഛനെ എന്തൊക്കെ പറഞ്ഞാലും എത്ര പരിഹസിച്ചാലും അദ്ദേഹം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യും. നല്ല കാര്യം ചെയ്താലും ആളുകള്‍ കുറ്റം പറയും അതിനൊക്കെ ചെവികൊടുക്കാന്‍ നിന്നാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാഗ്യ പ്രതികരിച്ചു.

എന്തൊക്കെ സംഭവിച്ചാലും അച്ഛന്‍ തന്റെ ജോലിയും കുടുബത്തേയും ജനങ്ങളേയും മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ രീതിയില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഭാഗ്യ പറയുന്നു.