bjp

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി കേരളത്തില്‍ കാഴ്ചവച്ചത്. ചരിത്രത്തിലാദ്യമായി തൃശൂരിലെ ജയത്തിലൂടെ സംസ്ഥാനത്ത് താമര വിരിഞ്ഞു. മണ്ഡലത്തില്‍ 74,686 വോട്ടുകള്‍ക്ക് വിജയിച്ച സുരേഷ് ഗോപി കേരളത്തില്‍ നിന്ന് മന്ത്രിസഭയിലേക്ക് എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംസ്ഥാനത്ത് നിന്ന് രണ്ടാമത് ഒരാള്‍ കൂടി മന്ത്രിസഭയിലേക്ക് എത്തിയേക്കും. രണ്ട് പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളത്.

തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം കിട്ടുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. പിന്നീട് പരിഗണിക്കുന്ന രണ്ട് പേര്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച സ്ഥാനാര്‍ത്ഥികളാണ്. തിരുവനന്തപുരത്ത് ശശി തരൂരിനെ മുള്‍മുനയില്‍ നിര്‍ത്തുകയും ജയത്തോളം പോന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പരിഗണിക്കുന്നതില്‍ ഒന്ന്. വെറും 16,077 വോട്ടുകള്‍ക്കാണ് രാജീവ് ചന്ദ്രശേഖര്‍ തോറ്റത്. 3,42,078 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

രണ്ടാം മോദി സര്‍ക്കാരില്‍ ഐടി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇത്തവണയും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. തൃശൂര്‍ മോഡലില്‍ അടുത്ത അഞ്ച് വര്‍ഷവും തിരുവനന്തപുരത്ത് സജീവമായി പ്രവര്‍ത്തിക്കാനാണ് രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ഡലത്തില്‍ കൂടുതല്‍ സജീവമായി ഇടപെട്ടാല്‍ അടുത്ത തവണ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റം നടത്തിയ വി. മുരളീധരനെയാണ് പിന്നീട് പരിഗണിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹം ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും വിജയിച്ച അടൂര്‍ പ്രകാശുമായുള്ള വ്യത്യാസം വെറും 16,272 വോട്ടുകള്‍ മാത്രമാണ്. 3,11,779 വോട്ടുകളാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ആറ്റിങ്ങലില്‍ നിന്ന് വി. മുരളീധരന്‍ പെട്ടിയിലാക്കിയത്.