death

അബുദാബി: പ്രവാസിയായ മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്‌ന(31) ആണ് മരിച്ചത്. മനോഗ്ന ആത്മഹത്യ ചെയ്തതാണെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, മനോഗ്നയുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയില്‍ തുടരുന്ന ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

മനോഗ്നയുടെ മൃതദേഹം ബനിയാസിലെ മോര്‍ച്ചറിയിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. മനോഗ്നയെക്കുറിച്ചോ ഭര്‍ത്താവിനെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ചികിത്സയിലുള്ള ഭര്‍ത്താവിന് ബോധം വന്ന ശേഷം ഇയാളുടെ മൊഴി അന്വേഷണത്തില്‍ വളരെ നിര്‍ണായകമാണ്.

അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസന്വേഷണം പുരോഗമിക്കുകയാണ്. യുഎഇയിലെ ഫുജൈറയില്‍ പ്രവാസിയായ മലയാളി യുവതിയെ അടുത്തിടെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. താമസസ്ഥലത്തെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.