icc

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അട്ടിമറി. ടെസ്റ്റ് സ്റ്റാറ്റസ് ഉള്ള ഫുള്‍ മെമ്പര്‍ ടീമായ അയര്‍ലന്‍ഡിനെ 12 റണ്‍സിന് കാനഡയാണ് തോല്‍പ്പിച്ചത്. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് പോരാട്ടം 12 റണ്‍സ് അകലെ 125 റണ്‍സില്‍ ഒതുങ്ങി. കഴിഞ്ഞ ദിവസം യുഎസ്എ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചിരുന്നു.

സ്‌കോര്‍: കാനഡ 137-7 (20), അയര്‍ലന്‍ഡ് 125-7 (20)

138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 12.3 ഓവറില്‍ 59ന് ആറ് എന്ന പരിതാപകരമായ നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ മാര്‍ക്ക് അഡയിര്‍ 34(24), ജോര്‍ജ് ഡോക്‌റെല്‍ 30*(23) സഖ്യം നേടിയ 62 റണ്‍സ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ഓപ്പണര്‍മാരായ ആന്‍ഡ്രൂ ബാല്‍ബര്‍ണി 17(19), ക്യാപ്റ്റന്‍ പോള്‍ സ്റ്റര്‍ലിംഗ് 9(17) ലോര്‍ക്കന്‍ ടക്കര്‍ 10(15) ഹാരി ടെക്ടര്‍ 7(5) എന്നിവരടങ്ങിയ മുന്‍നിര അമ്പേ പരാജയപ്പെട്ടു.

കര്‍ട്ടിസ് കാംഫര്‍ 4(7), ഗാരെത്ത് ഡിലാനി 3(7), ബാരി മക്കാര്‍ത്തി 2*(3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. കാനഡയ്ക്ക് വേണ്ടി ജെറമി ഗോര്‍ഡന്‍, ഡില്ലണ്‍ ഹെയ്‌ലിഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജുനെയ്ദ് സിദ്ദിഖി, ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് ആണ് നേടിയത്. നിക്കോളോസ് കിര്‍ട്ടണ്‍ 49 (35), ശ്രേയസ് മൊവ്വ 37(36), എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. പര്‍ഗത് സിംഗ് 18(14), ആരണ്‍ ജോണ്‍സണ്‍ 14(13) എന്നിവരാണ് പിന്നീട് സ്‌കോര്‍ബോര്‍ഡിലേക്ക് ഭേദപ്പെട്ട സംഭാവന നടത്തിയത്. അയര്‍ലന്‍ഡിന് വേണ്ടി ക്രെയിഗ് യങ്, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഗാരേത് ഡിലാനി, മാര്‍ക്ക് അഡയിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടും ഐറിഷ് പട തോല്‍വി വഴങ്ങിയിരുന്നു.