suresh-gopi

കോട്ടയം: യേശുക്രിസ്‌തുവിന്റെ മുഖം വികൃതമാക്കി പ്രചരിപ്പിച്ചെന്ന പേരിൽ ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്‌തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം മോർഫ് ചെയ്ത് പോസ്റ്റ് പങ്കുവച്ചതാണ് വിവാദമായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെയാണ് റെജി ലൂക്കോസ് ചിത്രം പങ്കുവച്ചത്. 'ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്‌ച. സുയേശു ഈ കുടുംബത്തിന്റെ നാഥൻ' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന് വലിയ വിമർശനം നേരിട്ടതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി സിറോ മലബാർ സഭ രംഗത്തെത്തിയത്.

'ക്രിസ്‌തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സർക്കാർ നേരിടണം'- സിറോ മലബാർ സഭ വ്യക്തമാക്കി.

തൃശൂരിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും പിന്തള്ളി 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചത്. തൃശൂരിലൂടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ക്യാബിനറ്റ് റാങ്ക് അല്ലെങ്കിൽ സ്വതന്ത്ര ചുമതല ലഭിക്കുമെന്ന് വിവരമുണ്ട്.

നാളെ വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് നേടിക്കൊടുത്തതിനുള്ള അംഗീകാരമായാണ് സുരേഷ് ഗോപിക്ക് തുടക്കത്തിലേ മന്ത്രിപദം നൽകുന്നത്. സിനിമകൾക്ക് ഡേറ്റ് കൊടുത്തിരിക്കുന്നതിനാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പാർട്ടി നേതൃത്വം അംഗീകരിച്ചിരുന്നില്ല.