
കരുതലിന്റെ ബാലപാഠങ്ങൾ പണ്ടേ വശമുള്ളയാളാണ് സുരേഷ് ഗോപിയെന്ന് നടനും സുഹൃത്തുമായ മോഹൻ ജോസ്. വർഷങ്ങൾക്ക് മുമ്പ് ഹോട്ടലിൽ നടന്ന കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോഹൻ ജോസിന്റെ കുറിപ്പ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അദ്ദേഹം ആശംസകൾ നേരുകയും ചെയ്‌തു.
മോഹൻ ജോസിന്റെ വാക്കുകൾ-
''വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് 'ഒരു മിനിറ്റ്' എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു. എൻറെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും
രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു.
ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!''
സുരേഷ് ഗോപി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുള്ള കേരളത്തിലെ ഏക ബി.ജെ.പി ലോക്സഭാംഗമായ ചലച്ചിത്ര താരം സുരേഷ് ഗോപി ഞായറാഴ്ച ചടങ്ങിനായി കുടുംബ സമ്മേതം ഡൽഹിയിലെത്തും. ഇന്നലെ എൻ.ഡി.എ യോഗത്തിൽ പങ്കെടുത്ത സുരേഷ് ഗോപി ഇന്ന് രാവിലെ നാട്ടിലേക്ക് മടങ്ങും. വ്യാഴാഴ്ച വൈകിട്ടാണ് ഡൽഹിയിലെത്തിയത്.