
ന്യൂയോർക്ക്: ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ട്വന്റി-20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിൽ ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്ന് നടക്കുന്നത്. അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന എ ഗ്രൂപ്പിൽആദ്യ മത്സരത്തിൽ യു.എസിനോട് തോറ്റ പാകിസ്ഥാന് ഇന്ന് ജയം അത്യാവശ്യമാണ്. ആദ്യ മത്സരത്തിൽ അയർലൻഡിനോട് ജയിച്ച ഇന്ത്യയ്ക്കും മുന്നോട്ടുള്ള യാത്ര സുഗമമാക്കാൻ ജയം കൂടിയേ തീരൂ. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ലത്.
കനത്ത സുരക്ഷ
നേരത്തേ ഭീകരാക്രമണ ഭീഷണിയുണ്ടായതിനാൽ കനത്ത സുരക്ഷയിലാണ് ന്യൂയോർക്കിലെ നാസ്സൊ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്.
ഇന്ത്യ കരുത്ത് ബാറ്റിംഗിലും ബൗളിംഗിലും മികച്ച താരങ്ങളുടെ സാന്നിധ്യം. ഒറ്റയ്ക്ക് കളിയുടെ ഗതിമാറ്റാൻ കഴിയുന്നവരുടെ സംഘം. ദൗർബല്യം മുൻനിര തകർന്നാൽ വാലറ്റത്തിന് ബാറ്റിംഗ് കരുത്ത് കുറവ്.
പാകിസ്ഥാൻ കരുത്ത് മികച്ച താരങ്ങൾ അണിനിരക്കുന്ന ബൗളിംഗ് നിര.ബാറ്റിംഗിലും ശക്തരായ താരങ്ങളുടെ സാന്നിധ്യം ദൗർബല്യം സ്ഥിരതയില്ലായ്മയാണ് പ്രധാന തലവേദന.ഏത് ചെറിയ ടീമിനോടും തോൽക്കും എത്ര വമ്പൻമാരെയും തോല്പിക്കും.
ഇവരെ ശ്രദ്ധിക്കുക ഇന്ത്യ- വിരാട് കൊഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്,ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ പാകിസ്ഥാൻ-ബാബർ അസം, മുഹമ്മദ് റിസ്വാൻ,ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് ആമിർ.
കളിക്കുമോ സഞ്ജു? ഇന്ന് പാകിസ്ഥാനെതിരെ മലയാളിതാരം സഞ്ജു സാംസൺ കളിക്കാൻ സാധ്യത കുറവാണ്. അയർലൻഡിനെതിരായ കഴിഞ്ഞ മത്സരത്തിലും ബംഗ്ലാദേശിനെതിരായ സന്നാഹത്തിലും മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത് ബാറ്റിംഗിലും കീപ്പിംഗിലും മികച്ച പ്രകടനം പുറത്തെടുത്തിരന്നു. ഇന്ത്യയുടെ വൺഡൗൺ പൊസിഷനിൽ ഇന്നും പന്ത് തന്നെയായിരിക്കും ഇറങ്ങുക. സന്നാഹത്തിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിരാട് കൊഹ്ലിയാണ് രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയത്.
ട്വന്റി- 20 ലോകകപ്പിൽ ഇതുവരെ
7 മത്സരങ്ങളിൽ മുഖാമുഖം
6-എണ്ണത്തിൽ ഇന്ത്യ ജയിച്ചു. (ഒരെണ്ണം ടൈ ആയിരുന്നു. പിന്നീട് ബാൾ ഔട്ടിൽ ഇന്ത്യയ്ക്ക് ജയം)
1-എണ്ണത്തിൽ പാകിസ്ഥാൻ ജയിച്ചു.
160/6- ഇന്ത്യയുടെ ഉയർന്ന ടോട്ടൽ (2022ൽ)
159/8-പാകിസ്ഥാന്റെ ഉയർന്ന ടോട്ടൽ (2022ൽ)
പിച്ച്
ഇവിടെ നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലും നൂറിൽ താഴെയായിരുന്നു ടീമുകളുടെ ടോട്ടൽ (ഇന്നലത്തെ നെതർലൻഡ്-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പുള്ള നില). നാസ്സൊയിലെ ഡ്രോപ്പ് ഇൻ പിച്ച് അപ്രവചനീയമാണെന്നതാണ് ടീമുകളെ കുഴയ്ക്കുന്നത്. ഒരേ ബാൾ തന്നെ പലരീതിയിൽ കുത്തിയുയരുന്നതാണ് ബാറ്റർമാരെ പ്രധാനമായി കുഴയ്ക്കുന്നത്. അയർലൻഡിനെതിരെ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് പരിക്കേൽക്കുന്ന സംഭവംവരെയുണ്ടായിരുന്നു.
ബി.സി.സി.ഐ പ്രസ്താവന
നാസ്സൊ സ്റ്റേഡിയത്തിലെ പിച്ച് സ്ഥിരത പുലർത്തുന്നില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ മെച്ചപ്പെടുത്തുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.