sithara-ghattamaneni

ഇന്ത്യൻ സിനിമയിൽ മുപ്പത് വർഷം മുമ്പത്തെ കാര്യം എടുത്തു കഴിഞ്ഞാൽ ഒരു കോടി രൂപ എന്നത് സൂപ്പർ താരങ്ങൾ ആകെ ശമ്പളമായി വാങ്ങുന്ന തുകയായിരുന്നു. ഒന്നോ, രണ്ടോ താരങ്ങളുടേത് മാത്രമായിരുന്നു ഈ തുക എന്നുകൂടി ഓർക്കണം. എന്നാൽ ഇന്നോ? ഭാഷാ ഭേദമന്യേ ഏതൊരു താരവും ഉദ്‌ഘാടനത്തിനോ, പരസ്യങ്ങൾക്കോ മാത്രം കോടികൾ വാങ്ങുന്നുണ്ട്. എന്തിനേറെ പറയുന്നു, താരങ്ങളുടെ മക്കൾ പോലും ചില ബ്രാൻഡുകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വാങ്ങുന്ന പ്രതിഫലം കോടികളാണ്.

അത്തരത്തിലൊരു താരപുത്രിയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെയും മുൻ ഹീറോയിൻ നമ്രത ശിരോദ്‌കറിന്റെയും മകൾ സിത്താര ഗട്ടമനേനി. തെന്നിന്ത്യയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ പിഎംജെ ജൂവലറിയുമായി ഒരു കോടി രൂപയുടെ കരാറാണ് 11 വയസ് മാത്രമുള്ള സിത്താര ഒപ്പിട്ടിട്ടുള്ളത്. ഒരു കോടി വാങ്ങി എന്താകും ഈ 11 വയസുള്ള കുട്ടി ചെയ‌്തിട്ടുണ്ടാവുക എന്ന് ചിന്തിക്കാൻ വരട്ടെ, മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുകയായിരുന്നു സിത്താര.

mahesh-babu-family

സോഷ്യൽ മീഡിയയുടെ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് സിത്താര ഗട്ടമനേനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.9 മില്യണിലധികം ഫോളോവേഴ്‌സാണ് സിത്താരയ‌്ക്ക് സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ഇൻസ്‌റ്റഗ്രാമിലുള്ളത്.

മഹേഷ് ബാബു കുടുംബത്തിലെ മൂന്നാം തലമുറക്കാരിയാണ് സിത്താര. മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്‌ണ തെലുങ്ക് സിനിമയിലെ സൂപ്പർ സ്‌റ്റാർ ആയിരുന്നു. 90-2000 കാലഘട്ടത്തിൽ ഹിന്ദി,തെലുങ്ക് ഭാഷകളിൽ തിളങ്ങിയ നായികയാണ് നമ്രത ശിരോദ്‌കർ. മലയാളികൾക്ക് നമ്രതയെ പരിചയം മമ്മൂട്ടി ചിത്രം എഴുപുന്ന തരകനിലൂടെയാണ്. പി.ജി വിശ്വഭംരൻ സംവിധാനം ചെയ‌്ത് 1999ൽ പുറത്തിറങ്ങിയ എഴുപുന്ന തരകനിലെ മേലെ വിണ്ണിൽ എന്നു തുടങ്ങുന്ന ഗാനം നമ്രതയുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയിലൊന്നാണ്. അത്താടു എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ബാബുവും നമ്രതയും അടുപ്പത്തിലാകുന്നത്. തുടർന്ന് 2005ൽ ഇരുവരും വിവാഹിതരായി. സിത്താരയെ കൂടാതെ ഗൗതം എന്നുപേരുള്ള മകൻ കൂടിയുണ്ട് ഈ താരദമ്പതികൾക്ക്.

മഹേഷിന്റെ അടുത്ത ചിത്രം രാജമൗലിക്കൊപ്പം

മഹേഷ് ബാബുവും സംവിധായകന്‍ എസ്എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. ആര്‍ആര്‍ആര്‍ ഇറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ചിത്രം സംഭവിക്കുമെന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു.

ചിത്രത്തിന്‍റെ കാസ്റ്റിംഗ് അടക്കം പുരോഗമിക്കുന്നുവെന്നാണ് വിവരം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് പുരോഗമിക്കുന്നത്. അതേ സമയം ചില ടോളിവുഡ് മാദ്ധ്യമങ്ങൾ സിനിമയുടെ റിലീസ് 2027ൽ ആയിരിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം ഒരു അഡ്വഞ്ചര്‍ സ്റ്റോറിയാണ് എന്നാണ് വിവരം. ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഷൂട്ടിംഗ് ആരംഭിച്ചേക്കും. ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

അതേ സമയം ചിത്രത്തിന്‍റെ പേര് എന്തായിരിക്കും എന്ന അഭ്യൂഹം അടുത്തിടെ പുറത്തുവന്നിരുന്നു. 'മഹാരാജ', ചക്രവര്‍ത്തി എന്നീ പേരുകളാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്. അഡ്വഞ്ചർ ത്രില്ലർ ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടിയാണ് പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്ത.