
ന്യൂഡൽഹി: 10, 12 ക്ളാസുകളിലെ സപ്ളിമെന്ററി പരീക്ഷ തീയതി സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. 10-ാം ക്ളാസ് സപ്ളിമെന്ററി പരീക്ഷ ജൂലായ് 15 മുതൽ 22 വരെയും 12-ാം ക്ളാസ് സപ്ളിമെന്ററി പരീക്ഷ ജൂലായ് 15നും നടക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 ഫലം
ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി മദ്രാസ് (IIT-M) മേയ് 26 ന് നടത്തിയ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 പരീക്ഷയുടെ ഫലം jeeadv.ac.in ൽ ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും നൽകി റിസൾട്ട് പരിശോധിക്കാം.
സൗജന്യ ഹോട്ടൽ
മാനേജ്മെന്റ് പഠനം
തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലെ സൗജന്യ പഠനവും തുടർന്ന് രാജ്യത്തെ സ്റ്റാർ ഹോട്ടലുകളിൽ തൊഴിൽ അവസരവും ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 20ന് മുമ്പ് ഡോ.ബിജു രമേശ്, ചെയർമാൻ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, രാജധാനി ബിൽഡിംഗ്സ്, കിഴക്കേകോട്ട, തിരുവനന്തപുരം - 695023 വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. ഫോൺ : 0471 2547733
ഓപ്പൺ യൂണി. ഭവന നിർമ്മാണ
പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഭവന നിർമ്മാണ പദ്ധതിയായ 'ഒപ്പം" പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവനരഹിതരായ എല്ലാ പഠിതാക്കൾക്കും വീട് നിർമ്മിച്ച് നൽകുന്നതാണ് പദ്ധതി. ഈ സാമ്പത്തിക വർഷത്തിൽ യൂണിവേഴ്സിറ്റിയിൽ പഠിതാക്കളായിട്ടുള്ള 14 പേർക്ക് വീട് നിർമ്മിച്ച് നൽകും. ഇതിനുള്ള അപേക്ഷകൾ എല്ലാ ജില്ലകളിലുമുള്ള യൂണിവേഴ്സിറ്റിയുടെ ലേണേഴ്സ് സപ്പോർട്ട് സെന്റർ വഴി 13 മുതൽ സ്വീകരിക്കും. 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് കൊല്ലത്തുള്ള യൂണിവേഴ്സിറ്റി ആസ്ഥാനവുമായോ എല്ലാ ജില്ലകളിലുമുള്ള ലേണേഴ്സ് സപ്പോർട്ട് സെന്ററുകളുമായോ ബന്ധപ്പെടാം.