reservation

സംവരണ വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ അത് എല്ലാ പാവപ്പെട്ടവർക്കും ലഭ്യമാണെന്ന് പ്രചരിപ്പിച്ചു.

എന്നാൽ അത് സവർണ ജാതിക്കാർക്കു മാത്രമാണ് ലഭ്യമായത്. പാവപ്പെട്ടവർക്കാണ് നൽകുന്നതെന്ന് പ്രഖ്യാപിച്ചു. എന്നാൽ രണ്ടര ഏക്കർ ഭൂമിയും നാലുലക്ഷം രൂപ വരുമാനവുമുള്ള, വരുമാനനികുതി അടയ്ക്കുന്ന ആളുകൾക്കാണ് സംവരണം ലഭിച്ചത്.

കേന്ദ്രസർക്കാർ ഭരണഘടന ഭേദഗതി ചെയ്ത് 2019 ലാണ് ഇ.ഡബ്ലിയു.എസ് എന്ന സവർണ ജാതിസംവരണം ഏർപ്പെടുത്തിയത്. എന്നാൽ 201-ൽ തന്നെ ഭരണഘടനാ വിരുദ്ധമായി ദേവസ്വം ബോർഡുകളിൽ ഇടതു സർക്കാർ സവർണ ജാതി സംവരണം ഏർപ്പെടുത്തി. ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം സംവരണം നടപ്പാക്കിയെന്നാണ് പൊതുസമൂഹത്തിൽ അവർ പ്രചരിപ്പിച്ചത്.

അതേസമയം, ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ വിഷയത്തിൽ ഈ ലേഖകൻ മുതിർന്ന സി.പി.എം നേതാവ്, പരേതനായ ആനത്തലവട്ടം ആനന്ദനുമായി ചാനൽ ചർച്ചകളിൽ വലിയ തർക്കം തന്നെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും വസ്തുത അംഗീകരിക്കാൻ അവർ തയ്യാറായില്ല. 2024 ഫെബ്രുവരി 29-നാണ്, ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്ക് പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന രീതിയിൽ സാമുദായിക സംവരണം പാലിക്കണമെന്ന് ദേവസ്വം ബോർഡുകളോട് അഭ്യർത്ഥിച്ചത്.

അതനുസരിച്ച് ബോർഡുകൾ തീരുമാനമെടുത്ത് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ല. മേയ് അവസാനം ഹൈക്കോടതിയിൽ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി പരിഗണനയ്ക്കു വന്നപ്പോൾ, സംവരണം നടപ്പാക്കാൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. എന്നിട്ട് ഇപ്പോൾ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വേളയിൽ ദേവസ്വം ബോർഡുകളിൽ സംവരണം ഏർപ്പെടുത്തിയെന്നും ഇനി സ്വകാര്യമേഖലയിൽക്കൂടി പട്ടികജാതി- പട്ടികവർഗ സംവരണം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

സർക്കാരിനു കീഴിലുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും ഇപ്പോഴും സംവരണം നടപ്പാക്കിയിട്ടില്ല. ഏറ്റവും ഒടുവിൽ സ്കൂളുകളിലെ അധ്യാപക നിയമനം താത്കാലികമായി നടത്തുമ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സംവരണം പാലിച്ച് നടപ്പാക്കണം എന്ന നിർദ്ദേശവും അട്ടിമറിച്ചിരിക്കുകയാണ്. സംവരണ വിഷയത്തിൽ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ വിശ്വാസയോഗ്യമല്ലാതായിരിക്കുന്നു.

ഒരു സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ അതിന്റെ പ്രത്യാഘാതം വലുതാണ്. അത് തിരിച്ചറിയാൻ സർക്കാരിന് കഴിയാതെ പോകുന്നത് അതിനേക്കാൾ ഗൗരവമർഹിക്കുന്നു.

അതുകൊണ്ട്,​ സംവരണ വിഷയത്തിൽ സർക്കാർ ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിച്ച് ഭരണത്തിന്റെ എല്ലാ മേഖലകളിലും എല്ലാ സമുദായങ്ങൾക്കും മതിയായ അനുപാതിക പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിന് സഹായകരമായ നടപടി ആത്മാർത്ഥമായി സ്വീകരിക്കുക. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതിനും ഒരു അതിരൊക്കെ വേണം. തിരഞ്ഞെടുപ്പ് ഫലം സർക്കാരിനു നൽകുന്ന മുന്നറിയിപ്പാണ് ഇതെന്ന് തിരിച്ചറിയുക.

(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94472 75809)​

അവസാനിക്കാത്ത

ബോംബ് രാഷ്ട്രീയം

കണ്ണൂരിൽ, ആളെഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് ദാരുണമായി മരിച്ച സംഭവമുണ്ടായിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ. കണ്ണൂർ ജില്ലയിലെ പല കേന്ദ്രങ്ങളിലും രഹസ്യമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പറ‌ഞ്ഞ സംഭവമുണ്ടായ സ്ഥലവും പതിവായി സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നയിടം തന്നെ. സമീപപ്രദേശത്തെ ആളുകൾ അവിടെ താമസിക്കുന്നത് ഭീതിയോടെയാണെന്ന് വയോധികന്റെ അയൽവാസിയായ യുവതി മാദ്ധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതും വാർത്തയായിരുന്നു.

ആ വെളിപ്പെടുത്തൽ നടത്തിയ യുവതിയെ പാർട്ടിപ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവം തീർത്തും അപലപനീയമാണ്. നാടും നഗരവും എത്രയൊക്കെ പുരോഗമിച്ചിട്ടും ഇപ്പോഴും എന്തുകൊണ്ടാണ് അക്രമ രാഷ്ട്രീയത്തെയും കൊലപാതകങ്ങളെയും നിലയ്ക്കു നിറുത്താൻ ഭരണവർഗത്തിന് കഴിയാത്തത്?​ പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഇത്തരം പ്രശ്നങ്ങൾ കൂടാൻ കാരണം. പൊലീസിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികളുണ്ടാകണം.

സുരേഷ് കുമാർ

രാമനാട്ടുകര