dd

ഹൈദരാബാദ്:മാദ്ധ്യമ രാജാവും ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും സിനിമാ നിർമ്മാതാവുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.50നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘ നാളായി വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടിയിരുന്നു.

2016ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

ഭൗതിക ദേഹം റാമോജി ഫിലിം സിറ്റിയിലെ കോർപ്പറേറ്റ് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. ആയിരക്കണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു. അന്ത്യ കർമ്മങ്ങൾ ഇന്ന് രാവിലെ 9ന് ഫിലിം സിറ്റിയിൽ തുടങ്ങും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ.

ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര നി‌ർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, തെലുങ്ക് ദിനപ്പത്രമായ ഈനാട്, ഈടിവി ചാനൽ നെറ്റ്‌വർക്ക്, സിനിമാ നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോൾഫിൻ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ്, പ്രിയ ഫുഡ്സ്, കലാഞ്ജലി സാരി ഷോറൂംസ് തുടങ്ങിയവ അടങ്ങുന്ന വൻ ബിസിനസ് സാമ്രാജ്യമായ റാമോജി ഗ്രൂപ്പിന്റെ മേധാവിയായിരുന്നു. മാർഗദർശി ചിട്ടി ഫണ്ട്സ് എന്ന കമ്പനിയിലൂടെയാണ് വ്യവസായ ശൃംഖലയ്ക്ക് തുടക്കമിട്ടത്. 1974 ആഗസ്റ്റ് 10ന് പ്രസിദ്ധീകരണം തുടങ്ങിയ ഈനാട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും പ്രചാരമുള്ള തെലുങ്ക് പത്രമായി വള‌ർന്നു.

1936 നവംബർ 16ന് ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിലെ പെഡപരുപുഡിയിലെ കർഷക കുടുംബത്തിലാണ് ജനനം. മുഴുവൻ പേര് ചെറുകുരി റാമോജി റാവു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിശിഷ്ട സംഭാവനയ്ക്കടക്കം നാല് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി. അദ്ദേഹം നിർമ്മിച്ച നുവ്വെ കാവലി (2000) മികച്ച തെലുങ്ക് സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

രമാ ദേവിയാണ് ഭാര്യ. ഈടിവി ചാനൽസ്,​ ഈനാട് ഗ്രൂപ്പ് ഒഫ് പബ്ലിക്കേഷൻസ് എന്നിവയുടെ മേധാവിയായ ചെറുകുരി കിരൺ മകനാണ്. ഇളയ മകൻ സുമൻ 2012ൽ രക്താർബുദം ബാധിച്ച് മരിച്ചു. റാമോജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.