
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാർലമെന്ററി പാർട്ടി ചെയർപേഴ്സനാകും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. മറ്റ് അംഗങ്ങളും പിന്തുണച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അവസാനിച്ചു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതാവാകും. സ്‌പീക്കർക്ക് പേര് നൽകുമെന്നും മറ്റ് വിവരങ്ങൾ കാത്തിരിന്ന് കാണാമെന്നുമാണ് ഖാർഗെ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആഗ്രഹം രാഹുൽ ഗാന്ധി പ്രതിപക്ഷേ നേതാവാകണമെന്നാണെന്ന് കുമാരി സെൽജ പറഞ്ഞു.
കൂടാതെ വയനാട് മണ്ഡലം ഒഴിഞ്ഞ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരാൻ തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ വയനാട്ടിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചേക്കും. രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.
പ്രായോഗിക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് പാർട്ടി രാഹുൽ ഗാന്ധിയോട് വയനാട് ഒഴിഞ്ഞ് റായ്ബറേലിയിൽ തുടരാൻ നിർദ്ദേശിച്ചത്. ഇപ്പോൾ നേടിയ വിജയത്തിന്റെ അന്തരീക്ഷം വയനാട്ടിൽ തുടർന്നാൽ പാർട്ടിക്ക് ലഭിക്കില്ലെന്ന വിലയിരുത്തൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു.
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയതിന് കാരണം റായ്ബറേലിയിലെ മത്സരമാണെന്നാണ് യുപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് പിസിസി നേതൃത്വവും രാഹുൽ യുപിയിൽ തുടരണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. അതേസമയം, പ്രിയങ്ക വയനാട്ടിൽ മത്സരിക്കില്ലെന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിയെക്കൂടാതെ ആ കുടുംബത്തിൽ നിന്നുള്ള മറ്റൊരു നേതാവ് ഈ സഭയിലേക്ക് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണിത്. അതുകൊണ്ട് കേരളത്തിൽ നിന്നുള്ള നേതാവിന് തന്നെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുക.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർത്ഥിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിയുമായ കെസി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ കോൺഗ്രസ് പ്രമേയം പ്രശംസിച്ചു.
മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി രൂപകല്പന ചെയ്ത് നയിച്ച ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു, കൂടാതെ ലക്ഷക്കണക്കിന് തൊഴിലാളികളിലും കോടിക്കണക്കിന് വോട്ടർമാരിലും പ്രതീക്ഷയും ആത്മവിശ്വാസവും പകരാനും കാരണമായെന്നും കോൺഗ്രസ് വിലയിരുത്തി.