
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. സുരക്ഷ ജീവനക്കാരൻ ജുറെെജിനെതിരെയാണ് നടപടി. മണ്ണാമൂല സ്വദേശി ശ്രീകുമാറിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽ വച്ച് ശ്രീകുമാറിന് മർദ്ദനമേൽക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മേയ് 16നാണ് അപസ്‌മാര രോഗിയായ ശ്രീകുമാറിന് മർദനമേറ്റത്. ഇദ്ദേഹം പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് മെഡിക്കൽ കോളേജിൽ എത്തിയത്.
രോഗിക്ക് പിന്നാലെ സീനിയർ ഉദ്യോഗസ്ഥനും സുരക്ഷാജീവനക്കാരന്റെ മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. രോഗിയെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചത് സംബന്ധിച്ച തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് മൂന്നിന് സെക്യൂരിറ്റി ഓഫീസറുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. സീനിയർ ഉദ്യോഗസ്ഥനെ ചവിട്ടി വീഴ്ത്തിയെന്നാണ് ആരോപണം. അടിവയറ്റിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സ തേടി.
ചികിത്സയ്ക്കെത്തിയ രോഗിയെ സുരക്ഷാഉദ്യോഗസ്ഥൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് സുരക്ഷാഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളാണ് തർക്കത്തിലേക്ക് നയിച്ചത്. ഗ്രൂപ്പിൽ മോശമായി സംസാരിച്ചത് വിലക്കിയതാണ് തനിക്കുനേരെയുള്ള ആക്രമണത്തിനു കാരണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മർദ്ദനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിൽ നിന്ന് തസ്തിക മാറ്റം വഴിയെത്തിയ ഇദ്ദേഹം പ്രൊബേഷനിലാണെന്ന് മറ്റു ഉദ്യോഗസ്ഥർ പറഞ്ഞു.