trissur-dcc-

തൃശൂർ: തൃശൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡിസിസിയിലുണ്ടായ കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങളുമായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയതായി വിവരം. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർ ഡൽഹിയിലാണ്. അവരെക്കണ്ട് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് സൂചന.

സംഭവത്തിൽ ജോസ് വള്ളൂർ രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. അത് അംഗീകരിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് സാദ്ധ്യത. ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഡിസിസിയിൽ ഏൽപ്പിച്ചുവെന്നും സൂചനയുണ്ട്.

അതേസമയം, കോൺഗ്രസ് നേതാക്കളായ എം പി വിൻസെന്റ്, അനിൽ അക്കര എന്നിവർക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് പിന്നിൽ ജോസ് വള്ളൂരാണെന്ന് മുരളീധരനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. ജോസ് വള്ളൂരിന്റെ അനുകൂലികൾ മർദ്ദിച്ചെന്ന് ആരോപിച്ച് ആശുപത്രിയിൽ കഴിയുകയാണ് ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറ. സജീവൻ ആക്രമിച്ചുവെന്ന് ആരോപിച്ച് രണ്ടുപേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.

കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ - പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.