
തിരുവനന്തപുരം: തലസ്ഥാനത്ത് സൈബർ തട്ടിപ്പിന് ഇരയായ വനിതാ ഡോക്ടറുടെ പണം മാറ്റിയ അക്കൗണ്ടുകളിൽ ഒരെണ്ണം മരവിപ്പിച്ചു. മുംബയ് കേന്ദ്രീകരിച്ചുള്ള എച്ച്.ഡി.എഫ്.സി അക്കൗണ്ടാണ് മരവിപ്പിച്ചതെന്ന് പേട്ട പൊലീസ് അറിയിച്ചു.
ഡോക്ടറെ കബളിപ്പിച്ച് വാങ്ങിയ ഒരു കോടി 61 ലക്ഷം രൂപയിൽ ആറുലക്ഷം ഈ അക്കൗണ്ടിലാണ് കുറ്റവാളികൾ ഇട്ടിട്ടുള്ളത്. ബാക്കി തുക അസാം, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലാണ് ഉള്ളത്. പൊലീസ് പിടികൂടാതിരിക്കാനുള്ള കുറ്റവാളികളുടെ തന്ത്രമാണ് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം ഇടുന്നതെന്ന് സൈബർ പൊലീസ് പറയുന്നു.
തായ്‌വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ ലഹരി കണ്ടെത്തിയെന്നറിയിച്ച് ഇക്കഴിഞ്ഞ ആറിന് കൊറിയർ സർവീസ് ജീവനക്കാരൻ എന്ന വ്യാജേന വന്ന കോളായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടർന്ന് സൈബർ പൊലീസെന്ന പേരിൽ ഒരാൾ ഫോൺ ചെയ്ത് സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ബാങ്ക് വിവരങ്ങളെപ്പറ്റിയും വഞ്ചിയൂർ സ്വദേശിയായ ഡോക്ടറോട് ചോദിച്ചറിഞ്ഞു. അക്കൗണ്ടിലുള്ള പണം മുഴുവൻ എത്രയും വേഗം ട്രാൻസ്ഫർ ചെയ്യണമെന്നും നിയമവിധേയമാണെങ്കിൽ തിരിച്ചയക്കാമെന്നും പറഞ്ഞതോടെ ഡോക്ടർ പണം അയയ്ക്കുകയായിരുന്നു.
പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാമെന്നുപറഞ്ഞ് പോങ്ങുംമൂട് താമസിക്കുന്ന സോഫ്ട‌്‌വെയർ എൻജിനിയറിൽ നിന്ന് 1.8 കോടി തട്ടിയ കേസിലും സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് നിക്ഷേപിച്ചതിന്റെ ഇരട്ടിത്തുക സ്വന്തമാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഓർക്കുക 1930
പലപ്പോഴും പരാതി നൽകാൻ ഇരകൾ വൈകുന്നതാണ് കുറ്റവാളികളെ കണ്ടെത്താൻ വൈകുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. നാണക്കേട് കൊണ്ടാകും ആദ്യം പലരും പരാതിപ്പെടാതിരിക്കുന്നത്. അപ്പോഴേക്കും കുറ്റവാളികൾ മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയിരിക്കും. സൈബർ ഹെല്പ് നമ്പർ 1930