
തലപ്പിള്ളി താലൂക്കിൽ കൂർക്ക വിപ്ലവമൊരുക്കി കർഷകർ.വരവൂർ, ചിറ്റണ്ട, കുണ്ടന്നൂർ, തളി, പാർളിക്കാട്,മുണ്ടത്തിക്കോട് അങ്ങനെ നിരവധിയാണ് കൂർക്ക പാടശേഖരങ്ങൾ. മിണാലൂരിൽ രണ്ടര പതിറ്റാണ്ട് പിന്നിട്ട കൂർക്ക കൃഷി പാരമ്പര്യത്തിന് ഇത്തവണ ഏക്കർ കണക്കിന് സ്ഥലത്ത് പിന്തുടർച്ചയൊരുക്കുകയാണ് കർഷകർ.
പ്രത്യേകം തയ്യാറാക്കിയ കൃഷിയിടങ്ങളിൽ കൂർക്കതലവച്ച് പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. രണ്ടര പതിറ്റാണ്ടിലധികമായി കൂർക്ക കൃഷിയിൽ സജീവമാണ് മേഖലയിലെ കർഷക സമൂഹം. വനിതകൾ ഉൾപ്പടെ നിരവധി പേർക്ക് സീസണിൽ തൊഴിലും ഉറപ്പാക്കുന്നുണ്ട് കൂർക്ക കൃഷിയിലൂടെ.
സെപ്തംബർ അവസാന വാരത്തോടെ വിളവെടുക്കുന്ന കൃഷിക്ക് നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവൃത്തികൾക്ക് ലക്ഷങ്ങൾ ചെലവ് വരും. കാലാവസ്ഥ അനുകൂലവും കാട്ടുപന്നിശല്യമുൾപ്പടെയുള്ള പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞു നിന്നാൽ കൃഷി ഏറെ ലാഭകരമാണെന്നാണ് കർഷകർ പറയുന്നു.
2018ലെ പ്രളയകാലത്ത് മാത്രമാണ് കൂർക്ക കൃഷിക്കാർക്ക് വലിയ തിരിച്ചടി നേരിട്ടത്. വിളവെടുക്കുന്ന കൂർക്ക മൊത്തമായും പ്രാദേശികമായി ചില്ലറയായും വിറ്റഴിക്കുന്നതാണ് കച്ചവട രീതി. കൃഷികാർക്ക് വളരെ നേരത്തെ കൃഷിക്കാവശ്യമായ പണം നൽകി വിളവെടുപ്പ് കാലത്ത് കൂർക്ക മൊത്തമായി ശേഖരിക്കുന്ന ഇതര സംസ്ഥാനക്കാരും സജീവമാണ്. സ്വന്തം സ്ഥലത്തും പാട്ടഭൂമിയിലുമാണ് കൂർക്ക പാടങ്ങൾ നിറഞ്ഞു നിൽക്കുന്നത്.
വരവൂർ ഗോൾഡ്
കൂർക്ക കൃഷിയുടെ പേരിൽ സുപ്രസിദ്ധമായ വരവൂരിൽ ഏക്കറുകണക്കിന് സ്ഥലത്താണ് കൃഷി. വരവൂർ കൂർക്കയെ സുപരിചിതമാക്കുന്നത് വരവൂർ ഗോൾഡ് എന്ന പേരിലാണ്. പഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവൻ എന്നീ സർക്കാർ സംവിധാനങ്ങളും കർഷകർക്കൊപ്പം നിൽക്കുന്നതോടെ വരവൂർ കൂർക്ക ഒരു ബ്രാൻഡായി മാറി. കൂർക്ക കൃഷി കർഷകന് കൂടുതൽ വരുമാനമുള്ളതാക്കാൻ വരവൂരിൽ കൂർക്ക ചന്തയും നടത്തിവരുന്നു.