
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്ന് ഒരു ലോക്‌സഭാ അംഗത്തെ ലഭിച്ച അഭിമാന നേട്ടം ബിജെപി സ്വന്തമാക്കിയെങ്കിലും വയനാട് മത്സരിച്ച പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കെട്ടിവച്ച കാശുപോയി. ആകെ പോൾ ചെയ്ത വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച തുക നഷ്ടപ്പെടുമെന്നതാണ് ചട്ടം. മണ്ഡലത്തിൽ ബിജെപിക്ക് വോട്ടുവിഹിതം ഉയർത്താനായപ്പോഴാണ് ഈ ദുർവിധി. മണ്ഡലത്തിൽ ആകെ 10.84 ലക്ഷം വോട്ടാണ് പോൾ ചെയ്തത്. ഇതിൽ സുരേന്ദ്രന് 1,41,045 വോട്ടുകൾ മാത്രമാണ് നേടാനായത്.
സുരേന്ദ്രനൊപ്പം കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ കാശുപോയി.
അതേസമയം, വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ചെങ്കിലും രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും എന്നാണ് റിപ്പോർട്ടുകൾ. റായ്ബറേലിയിൽ തുടരാൻ തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ വയനാട്ടിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചേക്കും. രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.
പ്രായോഗിക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് പാർട്ടി രാഹുൽ ഗാന്ധിയോട് വയനാട് ഒഴിഞ്ഞ് റായ്ബറേലിയിൽ തുടരാൻ നിർദ്ദേശിച്ചത്. ഇപ്പോൾ നേടിയ വിജയത്തിന്റെ അന്തരീക്ഷം രാഹുൽ വയനാട്ടിൽ തുടർന്നാൽ പാർട്ടിക്ക് ലഭിക്കില്ലെന്ന വിലയിരുത്തൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു.
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയതിന് കാരണം റായ്ബറേലിയിലെ മത്സരമാണെന്നാണ് യുപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് പിസിസി നേതൃത്വവും രാഹുൽ യുപിയിൽ തുടരണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. അതേസമയം, പ്രിയങ്ക വയനാട്ടിൽ മത്സരിക്കില്ലെന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിയെക്കൂടാതെ ആ കുടുംബത്തിൽ നിന്നുള്ള മറ്റൊരു നേതാവ് ഈ സഭയിലേക്ക് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണിത്. അതുകൊണ്ട് കേരളത്തിൽ നിന്നുള്ള നേതാവിന് തന്നെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുക.
ഇതിനിടെ, തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ മുരുളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പൊതുപ്രവർത്തനത്തിനും തൽക്കാലം ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോറ്റതിനെ ചൊല്ലി തമ്മിലടി പാടില്ലെന്നും അതിലെ ശരിതെറ്റുകൾ പറഞ്ഞ് സംഘടന കൂടുതൽ തളരാൻ പാടില്ലെന്നും കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹ പറഞ്ഞു.
'വടകരയിൽ നിന്ന് മാറിയതിൽ തെറ്റുകാരൻ ഞാൻ തന്നെയാണ്. പോവേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഈ പാഠം ഇലക്ഷനിൽ നിന്നുപഠിച്ചു. അവിടെ നിന്നോ ഇവിടെ നിന്നോ എന്നുപറഞ്ഞപ്പോൾ തൽക്കാലം ഇല്ല എന്ന് പറയാൻ കാരണം അതാണ്.
പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായി. ചില ആളുകൾ വിചാരിച്ചാൽ മാത്രം വോട്ട് കുറയില്ല. അന്വേഷണ കമ്മിഷൻ വേണ്ട. അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവും. മാറി നിൽക്കുന്നതിൽ അച്ചടക്ക ലംഘനമുണ്ടെങ്കിൽ ഇത്രയൊക്കെ അച്ചടക്കമേ തനിക്കുള്ളൂ. തിരഞ്ഞെടുപ്പിനെ നയിച്ചത് കെ സുധാകരനാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരണം. തമ്മിലടിയിൽ നടപടി തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. ബിജെപിയിൽ പോവുന്നതിലും നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും വീടുണ്ടാവുമല്ലോ?' അദ്ദേഹം പറഞ്ഞു.