
വാഷിംഗ്‌ടൺ: ശക്തമായ തുമ്മലിന് പിന്നാലെ യുഎസ് പൗരന്റെ വൻകുടൽ പുറത്തേക്ക് വന്നതായി റിപ്പോർട്ട്. ഫ്ലോറിഡയിൽ നിന്നുള്ള 63കാരനാണ് ഈ അനുഭവം ഉണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹം ഭാര്യയ്‌ക്കൊപ്പം ഒരു റെസ്റ്റോറന്റിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
63കാരന് മുൻപ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടായിരുന്നതായും അടുത്തിടെ അടിവയറ്റിലെ ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്നതായും റിപ്പോർട്ട് ഉണ്ട്. പുറത്തുവന്ന വൻകുടൽ ശസ്‌ത്രക്രിയയിലൂടെ അകത്ത് വച്ചു. ഇത് ഒരു അസാധാരണ കേസാണെന്നാണ് വിദഗ്ദർ പറയുന്നത്.
63കാരൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ശക്തമായി തുമ്മുകയും തുടർന്ന് ചുമയ്ക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന് അടിവയറ്റിൽ ശക്തമായ വേദന അനുഭവപ്പെട്ടു. തുടർന്ന് അടിവയർ പരിശോധിക്കുമ്പോഴാണ് അടുത്തിടെ ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് നിന്ന് പിങ്ക് നിറത്തിലുള്ള ട്യൂബ് പുറത്തേക്ക് കിടക്കുന്നതായി കണ്ടത്.
പിന്നാലെ അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ശസ്ത്രക്രിയാ വിദഗ്ദർ ശ്രദ്ധാപൂർവം ശസ്ത്രക്രിയയിലൂടെ വൻകുടൽ തിരിച്ച് വച്ചു. വൻകുടലിന് പരിക്കുകൾ പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അടിവയർ വീണ്ടും തുറക്കാതിരിക്കാൻ മൂന്ന് യൂറോളജ് സർജന്മാർ എട്ടോളം തുന്നൽ അടിവയറ്റിൽ ചെയ്തതായും റിപ്പോർട്ടുണ്ട്. ആറ് ദിവസം ആശുപത്രിയിൽ കിടന്ന ശേഷം 63കാരനെ ഡിസ്‌ചാർജ് ചെയ്തു. സാധാരണ ഭക്ഷണക്രമം പിന്തുടരാമെന്നും ഡോക്ടർമാർ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്.