
മലപ്പുറം: എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം വാഹനമോടിച്ചുപോയ യുവാക്കളും യുവതിയും പിടിയിൽ. കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലാണ് പരിശോധന നടന്നത്. ബേപ്പൂർ സ്വദേശി യാസർ അറഫാത്തും കൂട്ടാളികളുമാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻ പിടിച്ചെടുത്തു.
പുളിക്കൽ അരൂരിൽ എട്ടൊന്ന് വീട്ടിൽ ഷെഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ കെ ഹൗസിൽ വി കെ അഫ്‌നാനുദ്ദീൻ (22), പുളിക്കൽ സിയാംകണ്ടത്ത് പുള്ളിയൻവീട്ടിൽ മുഹമ്മദ് ഷാഹിദ് (28) എന്നിവരാണ് പിടിയിലായത്. ഉത്തരമേഖലയിൽ നടത്തിയ ഏറ്റവും വലിയ മെത്താഫിറ്റമിൻ വേട്ടകളിലൊന്നാണിതെന്ന് എക്‌സൈസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ കെ ഷാജി, പ്രിവന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ പ്രതികൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ഇവരെ എക്‌സൈസും പൊലീസും പിന്തുടർന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസാഫും ഇരിട്ടി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി യാസർ അറഫാത്ത് പിടിയിലാവുകയായിരുന്നു. ഇയാളാണ് കാർ ഓടിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.