
ആലപ്പുഴ: വിപണിയിലെ കൃത്രിമ വിലക്കയറ്റം, പൂഴ്‌ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയാനായി രൂപീകരിച്ച സംയുക്ത സ്‌ക്വാഡിന്റെ പരിശോധന നിലച്ചിട്ട് മാസങ്ങൾ. കൃത്യമായി പറഞ്ഞാൽ, ജനുവരിക്ക് ശേഷം ജില്ലയിൽ ഇതുവരെ പരിശോധനയേ നടന്നിട്ടില്ല. പൊതുവിതരണം, കൃഷി, അളവുതൂക്കം, പൊലീസ്, റവന്യു എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാഭരണകൂടമാണ് സ്‌ക്വാഡ് രൂപീകരിച്ചത്.
താലൂക്ക് സപ്ളൈഓഫീസർമാരാണ് സ്‌ക്വാഡിന്റെ കൺവീനർ. എന്നാൽ, സിവിൽസപ്ളൈസിന്റെ വാഹനം കാലപ്പഴക്കം കാരണം പുറത്തിറക്കാൻ കഴിയാത്തതാണ് സ്‌ക്വാഡിന് തിരിച്ചടിയായത്. സ്‌ക്വാഡിന്റെ പരിശോധന നിലച്ചതോടെ വിലവിവര പട്ടിക കാണാമറയത്താണ്. പച്ചക്കറിക്കട, ഹോട്ടലുകൾ, ബേക്കറി, പലചരക്ക് കട എന്നിവടങ്ങളിലെല്ലാം തോന്നിയ പോലെയാണ് വില ഈടാക്കുന്നതെന്ന് പരാതിയുണ്ട്.
കേന്ദ്ര മോട്ടോർ വാഹന നിയമം തിരിച്ചടി
1.സിവിൽസപ്ളൈസിന് ജില്ലയിലെ ആറ് താലൂക്കുകളിലും സ്വന്തമായി വാഹനം ഉണ്ടായിരുന്നു. എന്നാൽ, കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം 15വർഷം പഴക്കമുള്ളവ നിരത്തിലിറക്കരുതെന്ന നിർദ്ദേശം വന്നതോടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ സാധുത ഇല്ലാതായി
2.പുതിയ വാഹനം നൽകുകയോ താത്കാലിക സംവിധാനത്തിൽ വാടകയ്ക്ക് എടുക്കുന്നതിന് അനുമതി നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ളൈസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി കാത്തിരിക്കുകയാണ്
3. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കത്ത് തീർപ്പാക്കാതെ മാറ്റിവച്ചിരിക്കുകയാണ് ധനകാര്യ വകുപ്പ്. വാഹനം വാടകയ്ക്കെടുക്കാൻ ഭക്ഷ്യസുരക്ഷാവിഭാഗത്തിനും ആരോഗ്യവകുപ്പിനും മാത്രമാണ് ജില്ലയിൽ അനുമതിയുള്ളത്
ബില്ലിംഗ് മെഷീൻ എവിടെ?
കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കാന്റീൻ, ഭക്ഷണത്തിന്റെ ഇനം തിരിച്ച് ബില്ല് നൽകാതെ 20രൂപ അധികം വാങ്ങിയെന്ന പരാതി ഉയർന്നത് അടുത്തിടെയാണ്.
ജില്ലാസപ്ളൈഓഫീസർ നേരിട്ട് നടത്തിയ പരിശോധനയിൽ, പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെടുകയും ബില്ലിംഗ് മെഷീൻ വയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ,ഇതുവരെ അവിടെ ബില്ലിംഗ് മിഷീൻ വച്ചിട്ടില്ല. താലൂക്ക് സപ്ളൈ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ സപ്ളൈ ആഫീസറുടെ ഇക്കാര്യത്തിലുള്ള മറുപടി.
റവന്യുവകുപ്പിന്റെ വാഹനം ഉപയോഗിച്ച് സ്ക്വാഡിന്റെ പരിശോധന പുനരാംഭിക്കാനുള്ള ശ്രമത്തിലാണ്. കളക്ടറുടെ അനുമതിയോടെ അടുത്ത ദിവസം ജില്ലയിലെ താലൂക്ക് സപ്ളൈ ഓഫീസർമാർ, ആർ.ഐമാരുടെ യോഗം ചേരും. ബിൽ നൽകുന്നതിലെ വീഴ്ച, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
- മോഹനൻ, ജില്ലാ സപ്ളൈ ഓഫീസർ