ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അവിടെ വിദ്യാ‌ർത്ഥികളുടെ ശബ്ദമാകുമെന്നും പറഞ്ഞു.

നരേന്ദ്ര മോദി ഇതുവരെ സത്യപ്രതിജ്ഞ പോലും ചെയ്തിട്ടില്ല, നീറ്റ് പരീക്ഷയിലെ അഴിമതി 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകർത്തു. ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർത്ഥികൾ പരമാവധി മാർക്കോടെ പരീക്ഷയിൽ ഒന്നാമതെത്തുന്നു. സാങ്കേതികമായി സാദ്ധ്യമല്ലാത്ത അത്തരം മാർക്ക് പലർക്കും ലഭിക്കുന്നു. എന്നാൽ പേപ്പർ ചോർച്ചയുടെ സാദ്ധ്യത സർക്കാർ തുടർച്ചയായി നിഷേധിക്കുകയാണ്- രാഹുൽ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. പ്രശ്നം നേരിടാൻ കോൺഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് രാഹുൽ വ്യക്തമാക്കി.