modi-

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. രാഷ്ട്രപതിഭവനില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് രാത്രി 7.22ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ബിജെപിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമായി 72 പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ മന്ത്രിസഭയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിധിന്‍ ഗഡ്കരി, ജെ.പി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മ്മലാ സീതാരാമന്‍, എസ് ജയശങ്കര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നീ പ്രധാനപ്പെട്ട നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു. ഘടകകക്ഷികളില്‍ നിന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് തൃശൂര്‍ എം.പി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

#WATCH | Narendra Modi takes oath for the third consecutive term as the Prime Minister pic.twitter.com/LA1z6QF7iX

— ANI (@ANI) June 9, 2024

അതേസമയം ഘടകകക്ഷികളില്‍ അജിത് പവാറിന്റെ എന്‍സിപി മന്ത്രിസഭയിലേക്കുള്ള ക്ഷണം നിരസിച്ച് പ്രതിഷേധസൂചകമായി വിട്ട് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് അജിത് പവാര്‍ വിഭാഗത്തിന്റെ നടപടി. പ്രഫുല്‍ പട്ടേല്‍ സഹമന്ത്രിയാകുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നതോ അംഗീകരിക്കാന്‍ കഴിയുന്ന കാര്യമോ അല്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അജിത് പവാര്‍ പ്രതികരിച്ചു.കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരെല്ലാം തന്നെ മൂന്നാം മന്ത്രിസഭയിലും ഉള്‍പ്പെടുന്നുണ്ട്.

അതേസമയം ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ ഒരു സൂചനയും പുറത്ത് വന്നിട്ടില്ല. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ പ്രധാനപ്പെട്ട വകുപ്പുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്ര പ്രത്യേക കര്‍മ്മപദ്ധതിയുമായി മുന്നോട്ട് പോകുന്ന റെയില്‍വേ വകുപ്പിലും അശ്വിനി വൈഷ്ണവ് തന്നെ എത്താനാണ് സാദ്ധ്യത.