suresh-gopi

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നടനും തൃശൂരില്‍ നിന്നുള്ള ലോക്‌സഭ അംഗവുമായ സുരേഷ് ഗോപി. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതാദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ബിജെപിക്ക് ലോക്‌സഭാംഗം ഉണ്ടാകുന്നത്. ആദ്യമായി താമര വിരിയിച്ച നേതാവിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും നല്‍കിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ബിജെപിയുടെ വിജയവും കേന്ദ്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും വലിയ ആഘോഷമാക്കിയ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപിയുടെ സ്ഥാനാരോഹണം ഇരട്ടി മധുരമായി. ടിവിയില്‍ ചടങ്ങുകള്‍ കണ്ട പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായിരുന്നു. മധുരം വിതരണം ചെയ്തും സുരേഷ് ഗോപിക്കും ബിജെപിക്കും ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നു.

ശക്തമായ ത്രികോണ മത്സരത്തിലാണ് തൃശൂരില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി വിജയിച്ചത്. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനില്‍കുമാര്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി പരാജയപ്പെടുത്തിയത്. 2019ല്‍ തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന നിയമസഭയിലേക്കും 2021ല്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു വിധി.

മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പിലും തൃശൂരില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടര്‍ന്നതിന് 2024ല്‍ ഫലം കാണുകയായിരുന്നു. അതേസമയം, മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയിയില്‍ നിന്നും എട്ട് സഖ്യ കക്ഷികളില്‍ നിന്നുമായി 72 പേരാണ് കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത.