suresh-gopi

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടനും എംപിയുമായ സുരേഷ് ഗോപിക്ക് അഭിനന്ദനവും ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. സുരേഷ് ഗോപിയുമായി തനിക്ക് വളരെക്കാലത്തെ ആത്മബന്ധമാണ് ഉള്ളതെന്നും ലാലേട്ടന്‍ പ്രതികരിച്ചു. മലയാള ചലച്ചിത്ര കൂട്ടായ്മയെ സംബന്ധിച്ച് വളരെ അഭിമാനകരമായ നിമിഷമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിക്ക് പുറമേ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് ജോര്‍ജ് കുര്യനേയും അദ്ദേഹം ആശംസിച്ചു.

''പ്രിയ സുഹൃത്തിന് ആശംസ. വളരെയേറെ വര്‍ഷത്തെ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളത്. അദ്ദേഹം ചെയ്ത ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യമുണ്ട്. അതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. തെക്കേ ഇന്ത്യയില്‍ നിന്നു നേരത്തെ സിനിമാ താരങ്ങള്‍ മന്ത്രിമാരായിട്ടുണ്ടെങ്കിലും നമ്മുടെ ഇടയില്‍നിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് അഭിമാന നിമിഷം. സുരേഷ് ഗോപിയുടെ നേട്ടത്തില്‍ സന്തോഷിക്കുന്നു.'' മോഹന്‍ലാല്‍ പറഞ്ഞു.

നടന്‍ മോഹന്‍ലാലിന് പുറമേ മലയാള സിനിമ രംഗത്തെ നിരവധിപ്പേരാണ് സുരേഷ് ഗോപിക്ക് ആശംസ നേര്‍ന്ന് രംഗത്ത് വന്നത്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോഹന്‍ലാലിനും ക്ഷണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാല്‍ വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം മോഹന്‍ലാലിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതാദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ബിജെപിക്ക് ലോക്സഭാംഗം ഉണ്ടാകുന്നത്. ആദ്യമായി താമര വിരിയിച്ച നേതാവിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും നല്‍കിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.