acid-fly

കോട്ടയം : കണ്ടാല്‍ ഇത്തിരിക്കുഞ്ഞന്‍, കൈയിലിരിപ്പ് മഹാമോശവും! പൊള്ളിക്കുന്ന സ്രവവുമായി പറന്നെത്തുന്ന ആസിഡ് ഫ്‌ളൈയെന്ന ചെറുപ്രാണിയുടെ ഉപദ്രവത്തില്‍ വട്ടംചുറ്റുകയാണ് ജനം. പ്രാണിയിലെ സ്രവം ശരീരത്ത് പറ്റിയാല്‍ ആ ഭാഗം മുഴുവന്‍ പൊള്ളി തിണിര്‍ത്ത് പൊങ്ങി അസഹ്യമായ വേദനയോടെ പഴുക്കും. മഴകനത്തതോടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ ഇവയുടെ ആക്രമണമാണ്. കോട്ടയത്തിന് പരിചിതമല്ലാത്ത പ്രാണിയിപ്പോള്‍ നഗരസഭാ പ്രദേശങ്ങളിലും മലയോരമേഖലകളിലും ഏറെയാണ്. കാട് പിടിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് വ്യാപകം. വെളിച്ചം കണ്ടാല്‍ ഇവ ആകര്‍ഷിക്കപ്പെടും. ശരീരഭാഗങ്ങളില്‍ പറ്റിയിരിക്കും. അസ്വസ്ഥതകൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ നോക്കുമ്പോഴാണ് ഇവയുടെ ശരീരത്തില്‍ നിന്ന് 'കാന്തരിഡിന്‍' എന്ന പൊള്ളിക്കുന്ന രാസവസ്തു സ്രവിക്കുന്നത്. സ്രവം പറ്റുന്ന ഭാഗങ്ങളെല്ലാം പൊള്ളും. ചൊറിയും തോറും കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കും. ചുരുക്കം ചിലരില്‍ പനി, സന്ധി വേദന, ഛര്‍ദ്ദി ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.

തൊലി അടര്‍ന്ന് പോകാനും സാദ്ധ്യത

ജില്ലയില്‍ പ്രാണിയുടെ ആക്രമണം പരിചിതമല്ലാത്തതിനാല്‍ പെട്ടെന്നുണ്ടാകുന്ന ശരീരത്തിലെ രൂപമാറ്റം കണ്ട് പലരും ഭയന്നു.

സ്രവം ചര്‍മത്തില്‍ പറ്റി 18 - 24 മണിക്കൂറിനു ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. പൊള്ളലിന്റെ തീവ്രതയ്ക്കനുസരിച്ച് ആന്റിബയോട്ടിക് നല്‍കും. എന്നാല്‍ പാടുകള്‍ മാസങ്ങളോളം കാണാം. ആഴത്തില്‍ പൊള്ളലേറ്റിട്ടും ചികിത്സിച്ചില്ലെങ്കില്‍ തൊലി അടര്‍ന്ന് പോകാനും സാദ്ധ്യതയുണ്ട്. അടുത്തിടെ നിരവധിപ്പേരാണ് ചര്‍മ രോഗ വിദഗ്ദ്ധരെ കാണാനെത്തിയത്.

ആസിഡ് ഫ്‌ളൈ അല്ലെങ്കില്‍ ബ്ലിസ്റ്റര്‍ ബീറ്റില്‍

ആസിഡ് ഫ്‌ലൈ എന്ന് അറിയപ്പെടുന്ന ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്ന ഷഡ്പദമാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ഡെര്‍മറ്റൈറ്റിസ് എന്ന ഈ പ്രശ്‌നത്തിന് കാരണം. മഴക്കാലം തുടങ്ങുമ്പോഴാണ് പ്രജനന കാലം. കൃഷിയും ധാരാളം ചെടികളുമൊക്കെയുള്ള ഭാഗങ്ങളിലാണ് ഇവയുടെ വ്യാപനം.

പ്രാണിയെ ചെറുക്കാം

സന്ധ്യയോടെ വാതിലുകളും ജനാലകളും അടയ്ക്കണം.
ഇരുട്ടത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്

ശരീരത്തില്‍ വന്നിരുന്നാല്‍ തട്ടിനീക്കരുത്, കുടഞ്ഞുകളയണം


'' സ്രവം ശരീരത്തില്‍ പുരണ്ടിട്ടുണ്ടെങ്കില്‍ വെള്ളത്തില്‍ നന്നായി കഴുകണം. പൊള്ളലിന്റെ അസ്വസ്ഥതകള്‍ ആന്റിബയോട്ടിക് എടുക്കുമ്പോള്‍ മാറും. തൊലിപ്പുറത്തെ പാടുകള്‍ കാലങ്ങളോളം നിലനില്‍ക്കാറുണ്ട്''
'' ഡോ.ശ്രുതി ഭദ്രന്‍, ഡെര്‍മറ്റോളജിസ്റ്റ്