twenty-20

ന്യൂയോ‌ർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടും തോൽവി വഴങ്ങിയതോടെ പാകിസ്ഥാന് മുന്നിൽ പതിവുപോലെ പുറത്താകൽ ഭീഷണി സജീവമായി. അമേരിക്കയിലും വെസ്‌റ്റ് ഇൻഡീസിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും പാകിസ്ഥാൻ തോറ്റിരുന്നു. ആതിഥേയരായ യുഎസ്എയോടും ഇന്നലെ ഇന്ത്യയോടുമാണ് പാകിസ്ഥാൻ തോറ്റത്. പോയിന്റ് നിലയിൽ പൂജ്യം മാത്രം.

അതേസമയം ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച യുഎസ്‌എയും ഇന്ത്യയും ആണ് ഗ്രൂപ്പിൽ മുന്നിൽ. ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകളാണ് സൂപ്പർ 8 പോരാട്ടത്തിലേക്ക് മുന്നേറുക. ഗ്രൂപ്പ് എയിൽ ആകെ അഞ്ച് ടീമുകളിൽ നാലാം സ്ഥാനമാണ് പാകിസ്ഥാന്. നാല് പോയിന്റും നെറ്റ് റൺറേറ്റിലെ മികവും മൂലം ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. രണ്ടാമത് അമേരിക്കയും മൂന്നാമത് കാനഡയുമാണ്. അഞ്ചാം സ്ഥാനത്തുള്ള അയർലന്റും കളിച്ച രണ്ട് കളികളും തോറ്റിരുന്നു.

നാളെ കാനഡയോടും ഞായറാഴ്‌ച അയർലന്റിനോടുമാണ് ഇനിയുള്ള പാകിസ്ഥാന്റെ മത്സരങ്ങൾ. ഈ കളികളിൽ ജയിക്കുകയും അമേരിക്കയും കാനഡയും അവരുടെ മറ്റ് മത്സരങ്ങളിൽ തോൽക്കുകയും ചെയ്‌താൽ മാത്രമേ പാകിസ്ഥാന് സൂപ്പർ 8 നിരയിലെത്താനാകൂ. ഇതിനും നെറ്റ് റൺറേറ്റ് തുണയ്‌ക്കുകയും വേണം.

നസീം ഷായും ഹാരീസ് റൗഫുമടങ്ങിയ ബൗളിംഗ് പട തുണച്ചെങ്കിലും ബാറ്റിംഗിൽ ശക്തമായ പ്രകടനം കാഴ്‌ചവയ്‌ക്കാൻ പാകിസ്ഥാന് കഴിഞ്ഞ മത്സരത്തിൽ സാധിച്ചില്ല. ന്യൂയോർക്കിലെ വേഗം കുറഞ്ഞ ബൗളിംഗിന് അനുകൂലമായ പിച്ചിൽ അവരുടെ ബാറ്റർമാർ വല്ലാതെ വിഷമിച്ചു. നിശ്ചിത 20 ഓവറിൽ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 113 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഒരുഘട്ടത്തിൽ 12 ഓവറിൽ 73ന് മൂന്ന് എന്ന നിലയിൽ നിന്നും അവർക്ക് മുന്നേറാനാകാതെ പോയത് ബുംറയുടെ മികച്ച ബൗളിംഗ് കാരണമാണ്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബുംറ വീഴ്‌ത്തിയത്. കളിയിലെ കേമനും താരമാണ്.