
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ റീസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ പത്തുപേർ മരിച്ചു. ബസിലുണ്ടായിരുന്നവർ ഉത്തർപ്രദേശ് സ്വദേശികളാണ്. ഇവരെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. വെടിയേറ്റാണ് നാലുപേർ മരിച്ചത്. ഇവരിലൊരാൾ ബസിന്റെ ഡ്രൈവറാണ്. കരസേന. സിആർപിഎഫ്, പൊലീസ് എന്നിവർ ചേർന്ന സുരക്ഷാസേന സ്ഥലത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടങ്ങി.
ഞായറാഴ്‌ച വൈകുന്നേരം മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഭീകരാക്രമണ വാർത്തയും പുറത്തുവന്നത്. 33 യാത്രക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബസിലുള്ളവരെ പുറത്തെത്തിച്ചതായാണ് റാസി സീനിയർ സൂപ്രണ്ട് മോഹിത് ശർമ്മ അറിയിച്ചത്. യു.പി സ്വദേശികളുമായി വന്ന ബസിന് നേരെ തുടർച്ചയായി വെടിവയ്‌പ്പുണ്ടായതോടെ ഡ്രൈവർ ബസ് നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു.തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് മലയിടുക്കിലേക്ക് വീണു. എന്നാൽ ഇതിനുശേഷവും ഭീകരർ ആക്രമണം തുടർന്നു.
ശിവ് ഖോഡി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു യു.പി സ്വദേശികൾ. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഡൽഹി സ്വദേശിയാണ് ബസ് അപകടത്തിൽ പെട്ടശേഷവും ഭീകരർ ആക്രമിച്ച വിവരം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണം നടന്ന വിവരം അന്വേഷിക്കുകയും മതിയായ നടപടിയ്‌ക്ക് നിർദ്ദേശിക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയെന്ന് ജമ്മു കാശ്‌മീർ ലഫ്. ഗവർണർ മനോജ് സിംഹയും അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.