
72 പേരുടെ അംഗബലവുമായി മൂന്നാം മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതിഭവനില്‍ ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും ചുമതലയേറ്റു. 30 ക്യാബിനറ്റ് മന്ത്രിമാരിൽ 25 പേർ ബി.ജെ.പിയിൽ നിന്നാണ്. സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു, ജെ.ഡി.എസ്, എൽ.ജെ.പി, എച്ച്.എ.എം എന്നിവർക്കും മൂന്നാം മോദി സർക്കാരിൽ പ്രാതിനിദ്ധ്യമുണ്ട്. ടി.ഡി.പി, ജെ.ഡി.യു കക്ഷികൾക്ക് ഒരു ക്യാബിനറ്റും സഹമന്ത്രി സ്ഥാനവുമാണ് ലഭിച്ചത്. ആർ.എൽ.ഡിക്കും ശിവസേനയ്ക്കും സ്വതന്ത്ര ചുമതലയുള്ള മന്ത്രിസ്ഥാനം ലഭിച്ചു. ആർ.പി.ഐയ്ക്കും അപ്നാദളിനും സഹമന്ത്രിസ്ഥാനമാണുള്ളത്. ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ മന്ത്രിമാരുള്ളത്. കേരളത്തിന് അഭിമാനമായി രണ്ടു സഹമന്ത്രിമാരുമുണ്ട്.
കഴിഞ്ഞ രണ്ട് മന്ത്രിസഭകളേക്കാൾ വലിയൊരു ടീമിനെയാണ് മോദി ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. രണ്ട് തവണയും വൻ ഭൂരിപക്ഷത്തോടെ ബിജെപി ഒറ്റയ്ക്ക് ഭരിച്ചെങ്കിൽ ഇത്തവണ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മോദിക്ക് സർക്കാരുണ്ടാക്കാൻ സാധിച്ചത്. എന്നാൽ കൂട്ടുകക്ഷി സർക്കാരിലെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ മോദിക്ക് വലിയതോതിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല. കൂടുതൽ അംഗങ്ങൾ, യുവാക്കളുടെ പ്രാമുഖ്യം, ധനികർ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് മൂന്നാം മോദി മന്ത്രിസഭ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബോസ് ബിജെപി തന്നെ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400ൽ അധികം സീറ്റുകൾ നേടി വിജയിക്കുമെന്നുള്ള ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു ഫലം. 240 സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പിക്ക് നേടാനായത്. ഒറ്റയ്ക്ക് ഭരിക്കാമെന്നുള്ള ബി.ജെ.പിയുടെ പദ്ധതികൾക്കിത് ആഘാതമായി. സർക്കാർ രൂപീകരിക്കാൻ ടി.ഡി.പി (16), ജെ.ഡി.യു (12) അടക്കം സഖ്യകക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അനിവാര്യമായി വന്നു. ടി.ഡി.പി, ജെ.ഡി.യു നേതാക്കളായ ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറും അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു. ടി.ഡി.പി, ജെ.ഡി.യു കക്ഷികൾക്ക് ഒരു ക്യാബിനറ്റും സഹമന്ത്രി സ്ഥാനവും മൂന്നാം മോദി സർക്കാരിൽ ലഭിച്ചു. എന്നിരുന്നാലും ബോസ് ബിജെപി തന്നെയെന്ന് തെളിയിക്കുന്നതാണ് പുതിയ മോദി സർക്കാരിന്റെ ഘടന.
ഉപാധികൾ വച്ചും സഖ്യകക്ഷികളുടെ പിന്തുണകൊണ്ടും രൂപീകരിച്ചതാണെങ്കിലും എൻഡിഎ മന്ത്രിസഭ തന്റെ സർക്കാർ തന്നെയാണെന്നുള്ള സിഗ്നലാണ് മോദി നൽകുന്നത്. ടോപ് ക്യാബിനറ്റ് റാങ്കുകൾ സഖ്യർക്ക് വിട്ടുനൽകാൻ മോദി തയ്യാറല്ല. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ ഉന്നത ക്യാബിനറ്റ് റാങ്കുകൾ എല്ലാം ബി.ജെ.പി തന്നെ നിലനിർത്തുമെന്നാണ് മോദി വ്യക്തമാക്കുന്നത്.
സർക്കാർ ഫണ്ടുകളിൽ കണ്ണുവയ്ക്കുന്ന സഖ്യകക്ഷികൾ
ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും റാഞ്ചാൻ ഇന്ത്യ മുന്നണി ഏറെ പരിശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം മോദി സർക്കാരിൽ അവസരം പരമാവധി മുതലെടുക്കാനാണ് ഇരുവരും ശ്രമിച്ചത്. ഒന്നും രണ്ടും മോദി സർക്കാരിൽ ബി.ജെ.പി കൈവശം വച്ച ലോക്‌സഭാ സ്പീക്കർ പദവി വേണമെന്നായിരുന്നു ടി.ഡി.പിയുടെ മുഖ്യ ഉപാധി. ടി.ഡി.പി നേതാവ് ജി.എം.സി. ബാലയോഗി വാജ്പേയി സഖ്യസർക്കാരിൽ സ്പീക്കർ ആയിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. നിതീഷ് മൂന്ന് കാബിനറ്റ് മന്ത്രിമാരെയും ആവശ്യപ്പെട്ടിരുന്നു. ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പദവിയായിരുന്നു മറ്റൊരു പ്രധാന ഉപാധി. എന്നാൽ ഇരുപാർട്ടികൾക്കും ഒരു ക്യാബിനറ്റ് മന്ത്രി, ഒരു സഹമന്ത്രി എന്നതിൽ തൃപ്‌തിപ്പെടേണ്ടി വന്നു.
ശക്തമായ വിലപേശൽ നടത്താതെ കിട്ടിയതിൽ ഇരുവരും തൃപ്‌തരായതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. മന്ത്രി സ്ഥാനങ്ങൾക്കായി ബിജെപിയോട് മത്സരിച്ചിട്ട് കാര്യമില്ലെന്ന് ബോദ്ധ്യമായതോടെ മറ്റൊന്നിലായി ഇരുവരുടെയും കണ്ണ്. നേരത്തെ മുന്നോട്ടുവച്ച ഉപാധിയായ ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പദവിയെന്നുള്ളത് സാദ്ധ്യമായില്ലെങ്കിലും സംസ്ഥാനങ്ങൾക്കായി കൂടുതൽ കേന്ദ്രഫണ്ടുകൾ നേടിയെടുക്കാൻ ഇരുനേതാക്കൾക്കും ഇനി സാധിക്കും.
ഉടക്കില്ലാതെ സഖ്യകക്ഷികൾ
തുടക്കമാണെങ്കിൽ കൂടിയും മോദിയുടെയും ബിജെപിയുടെയും തീരുമാനങ്ങളോട് സഖ്യകക്ഷികൾ വലിയ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. പലരും എൻഡിഎ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ വലിയ ഉപാധികൾ വച്ചെങ്കിലും കിട്ടിയവയിൽ സഖ്യകക്ഷികൾ തൃപ്‌രാവുന്നത് മോദിക്കും നേട്ടമാണ്. വലിയ തടസങ്ങളോ നയപരമായ മാറ്റങ്ങളോ കൂടാതെ തന്നെ കഴിഞ്ഞ രണ്ടുതവണകളെപ്പോലെ മൂന്നാം മോദി സർക്കാരിന് മൂന്നോട്ടുപോകാൻ സാധിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. മറ്റ് കൂട്ടുകക്ഷി സർക്കാരുകൾ നേരിട്ട അഭിപ്രായ വ്യത്യാസങ്ങളും മറുകണ്ടം ചാടലുകളും മൂന്നാം മോദി സർക്കാരിൽ വലിയതോതിൽ ഉണ്ടാവില്ലെന്നാണ് രാഷ്ടീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
കരുത്തായി മുൻ മുഖ്യമന്ത്രിമാർ
മൂന്നാം മോദി സർക്കാരിന്റെ പ്രത്യേകതയും കരുത്തുമാണ് മുൻ മുഖ്യമന്ത്രിമാരുടെ സാന്നിദ്ധ്യം. മദ്ധ്യപ്രദേശിൽ മൂന്ന് തവണ മുഖ്യമന്ത്രിയായ ശിവ്‌രാജ് സിംഗ് ചൗഹാൻ, ഹരിയാന മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജ്‌നാഥ് സിംഗ്, മുൻ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, മുൻ ബീഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരാണ് മൂന്നാം മോദി സർക്കാരിലെ പ്രമുഖർ.
മോദിയുടെതായിരിക്കും അവസാന വാക്കെങ്കിലും ഭരണത്തിലും നയരൂപീകരണത്തിലുമുള്ള മുൻ മുഖ്യമന്ത്രിമാരുടെ അറിവ് സർക്കാരിന് കൂടുതൽ നേട്ടമാവും. ഈ ആറുപേരും പ്രധാന സംസ്ഥാനങ്ങളുടെ ചുമതലകളായിരുന്നു വഹിച്ചിരുന്നതെന്നതും അധികനേട്ടമാവും.
തിരഞ്ഞെടുപ്പിലുള്ള കണ്ണ്
ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുകയാണ്. ജാട്ട് ഇതര സഖ്യം കെട്ടിപ്പടുക്കാൻ തിരഞ്ഞെടുത്ത ഫോർമുലയിൽ തന്നെ ബിജെപി തുടരുമെന്നാണ് ഹരിയാനയിൽ നിന്നുള്ള മന്ത്രിമാർ സൂചിപ്പിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാത്തതിനെക്കുറിച്ച് പ്രഫുൽ പട്ടേൽ നടത്തിയ അഭിപ്രായപ്രകടനം മഹാരാഷ്ട്രയിലെ സഖ്യം നിലനിർത്താനുള്ള എൻ.ഡി.എയുടെ നീക്കത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജാർഖണ്ഡിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഗോത്രവർഗേതര വിഭാഗങ്ങളെ ഉയർത്തിക്കാട്ടാനുള്ള ബിജെപിയുടെ തന്ത്രത്തിലേക്കും വിരൽ ചൂണ്ടുന്നു.
മുസ്ളീം അംഗമില്ലാത്ത മന്ത്രിസഭ
മോദിയുടെ പുതിയ മന്ത്രിസഭയിൽ മുസ്ളീം സമുദായത്തിൽ നിന്നുള്ളവരില്ലാത്തത് ശ്രദ്ധനേടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മോദിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും മുസ്ളീംവിരുദ്ധ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതാകാം മുസ്ലീം അംഗമില്ലാത്ത പുതിയ മന്ത്രിസഭ രൂപീകരിക്കാൻ കാരണമെന്നതും വിലയിരുത്തപ്പെടുന്നു.
സമ്പന്നർ, യുവാക്കൾ, ഹിന്ദുക്കൾ
മന്ത്രിസഭയിലെ ഹിന്ദു സമുദായത്തിൽ നിന്നുള്ള മന്ത്രിമാരുടെ അതിപ്രസരം ബിജെയുടെ ഹിന്ദുത്വ അജണ്ടയുടെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു. മന്ത്രിസഭയിലെ യുവാക്കളുടെയും സമ്പന്നരുടെയും എണ്ണം വ്യക്തമാക്കുന്നത് മോദി ഇത്തവണ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ ഉപയോഗിച്ചത് പുതിയ തന്ത്രങ്ങളാണെന്ന സൂചനകളാണ്. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രശേഖർ പെമ്മസാനിയാണ് മൂന്നാം മന്ത്രിസഭയിലെ ഏറ്റവും ധനികൻ. 5700 കോടി രൂപ മൂല്യമുള്ള സമ്പത്തിന്റെ ഉടമയാണ് ചന്ദ്രബാബു നായിഡുവിന്റെ സഹപ്രവർത്തകൻ കൂടിയായ പെമ്മസാനി. ഒസ്മാനിയ സർവകലാശാലയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ട്. പെമ്മസാനിയോടൊപ്പം ടിഡിപി നേതാവായ റാം മോഹൻ നായിഡു കിഞ്ചരപ്പുവും മന്ത്രിസഭയിൽ എത്തിയിട്ടുണ്ട്. മൂന്നാം മോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയാണ് 36കാരനായ റാം മോഹൻ.