
രാജ്യത്തെ നിലവിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനായ മുകേഷ് അംബാനി. 67കാരനായ അംബാനിയാണ് ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരൻ. 9,63,900 കോടി ആസ്‌തിയുള്ള അംബാനിയുടെ പുതിയ പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ തങ്ങളുടെ സജീവ സാന്നിദ്ധ്യം ഉറപ്പിക്കാൻ പോകുകയാണ് അംബാനി. ഇതിനായി ജിയോ ഫിനാൻസ് എന്ന യുപിഐ പേമെന്റ് പ്ളാറ്റ്ഫോം വഴി നിലവിൽ രാജ്യത്തെ വൻകിട യുപിഐ ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പെ, പേടിഎം എന്നിവക്കെല്ലാം വലിയ ഭീഷണിയാകാൻ തയ്യാറെടുക്കുകയാണ്.
മറ്റ് സമാന ആപ്പുകൾക്കില്ലാത്ത പലതരം പേമെന്റ് സംവിധാനങ്ങൾ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഡിജിറ്റൽ ബാങ്കിംഗ്, യുപിഐ പേമെന്റ്, ബിൽ പേമെന്റ്, ഇൻഷുറൻസ് ഇങ്ങനെ പലവിധ സേവനങ്ങളാണ് ഒരുമിച്ച് ലഭിക്കുക. ഫിനാൻഷ്യൽ-ഡിജിറ്റൽ സേവനങ്ങൾ ഒറ്റ ക്ളിക്കിൽ ലഭിക്കുന്ന ഒരുഗ്രൻ ബാങ്കിംഗ് ആപ്പാണ് ജിയോ ഫിനാൻസ്. നിലവിലെ പരീക്ഷണ ഘട്ടം കഴിഞ്ഞാൽ ആപ്പ് പൊതുജനങ്ങൾക്ക് ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മാർക്കറ്റ് വിപുലീകരണത്തിന്റെ ഭാഗമായിത്തന്നെയാണ് ജിയോ തങ്ങളുടെ ആപ്പ് യുപിഐയടക്കം സേവനങ്ങൾ നൽകി വികസിപ്പിക്കുന്നത്. പേടിഎമ്മിന്റെ സൗണ്ട്‌ബോക്‌സ് പോലെ ജിയോയുടെ സൗണ്ട്ബോക്‌സും ഇനി രാജ്യത്തെ റീടെയിൽ കടകളിൽ വ്യാപകമാക്കാൻ തന്നെയാണ് ജിയോയുടെ പദ്ധതി.
മോദി സർക്കാർ കൊണ്ടുവന്ന യുപിഐ
2016 ഏപ്രിൽ 11നാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐ രാജ്യത്ത് നിലവിൽ വന്നത്. റിസർവ് ബാങ്ക് നിയമപ്രകാരം നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് നടപ്പിലാക്കിയത്.എട്ടുകൊല്ലം കൊണ്ട് വളരെയധികം ജനകീയമായ പേയ്‌മെന്റ് രീതിയായി അത് മാറി. റീട്ടെയിൽ മേഖലയിൽ 2023 മുതൽ 28 വരെ 98 ശതമാനം ഇടപാടും യുപിഐ ആകുമെന്നാണ് കരുതുന്നത്. യുപിഐ ഐഡി വഴിയോ അതിലെ ക്യുആർ കോഡ് വഴിയോ ആണ് ഫോണിൽ യുപിഐ പ്രവർത്തിക്കുക.
സാമ്പത്തിക ഇടപാടുകളുടെ സുഗമമായ വർദ്ധനയും പരമാവധി ആളുകളിലേക്ക് സാമ്പത്തിക സേവനം രാജ്യത്ത് എത്തിക്കുക എന്നിവയെല്ലാം ഇത്തരത്തിൽ യുപിഐ വഴി സാധിക്കും.
യു പി ഐ ഇടപാടുമായി അദാനിയും
അതെ രാജ്യത്തെ മറ്റൊരു ശതകോടീശ്വരനായ ഗൗതം അദാനിയും ഇകൊമേഴ്സ്, യുപിഐ പേയ്‌മെന്റ്, ക്രെഡിറ്റ് കാർഡ് ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പബ്ലിക്ക് ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പ്രവർത്തിക്കാൻ ലൈസൻസിനായുള്ള അപേക്ഷയ്ക്കാണ് അദാനി ഒരുങ്ങുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ബിസിനസിലേക്ക് കടക്കുന്നതോടെ ഡിജിറ്റൽ പെയ്‌മെന്റ് ശൃഖലയിലെ ഭീമൻന്മാരായ ഗൂഗിൾ പേയോടും മുകേഷ് അംബാനിയുടെ ജിയോ പേയോടും ഏറ്റുമുട്ടാനാണ് അദാനി രംഗത്തുണ്ടാകും.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയുടെ ഒരു വലിയ ശൃംഖല തന്നെയുള്ള അദാനി ഗ്രൂപ്പ് പുതിയ രംഗത്തേക്ക് പ്രവേശിക്കുന്നത് ബിസിനസ് ലോകം ആശ്ചര്യത്താടെയാണ് നോക്കിക്കാണുന്നത്. നിലവിൽ ഏഷ്യയിലെ രണ്ടാമത്തെ ധനികനാണ് ഗൗതം അദാനി.