
ഡിഗ്രി കഴിഞ്ഞാൻ ഭൂരിഭാഗം പേരും ഉപരിപഠനം അല്ലെങ്കിൽ മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായാവും മുന്നോട്ട് പോവുക. ഇത്തരത്തിൽ ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ ഇഷ്ട കോഴ്‌സിന് ചേരേണ്ട അവസാന തീയതി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എംബിഎ പഠിക്കാൻ ആഗ്രഹിക്കുന്നവർ അതിനായി കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT) 2024 രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. ജൂൺ പത്താണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.
ഇതിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ (CEE) cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലുള്ള KMAT 2024 അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതാണ്. നേരത്തേ ജൂൺ ആറിനായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.
എംബിഎ പ്രവേശനത്തിന് അപേക്ഷകർ അതത് സർവകലാശാലകൾ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾ പാലിക്കണം. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ജനറൽ, എസ്‌ഇബിസി വിഭാഗത്തിലെ വിദ്യാർത്ഥികൾ എന്നിവർക്ക് മൊത്തം മാർക്കിന്റെ കുറഞ്ഞത് 10 ശതമാനം സ്കോർ ചെയ്യണം. എന്നാൽ, പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്ക് കുറഞ്ഞത് 7.5 ശതമാനം മാർക്ക് നേടിയാൽ മതി. കേരളത്തിലെ സ്വയംഭരണ കോളേജുകൾ, സർവകലാശാലകൾ, അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവിടങ്ങളിലെ എംബിഎ കോഴ്‌സ് പ്രവേശനത്തിന് ഈ യോഗ്യതാ മാനദണ്ഡം ബാധകമാണ്.
ഇന്ത്യക്കാരും ഇന്ത്യക്കാരല്ലാത്തവരും പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യരാണ്. എന്നിരുന്നാലും, എല്ലാത്തരം ഫീസ് ഇളവുകൾക്കും റിസർവേഷനുകൾക്കും കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാത്രമേ അർഹതയുള്ളൂ. പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ പ്രായപരിധിയില്ല. സയൻസ്, എഞ്ചിനീയറിംഗ്, കല , കൊമേഴ്‌സ്, മാനേജ്‌മെന്റ് അല്ലെങ്കിൽ വിഷയത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം പൂർത്തിയാക്കിയിരിക്കണം. SEBC വിഭാഗത്തിന് കീഴിൽ വരുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപയും എസ്‌സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. എസ്‌ടി വിഭാഗത്തിലുള്ളവർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.