blood-bank

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തത്തിനായി രോഗികളും ബന്ധുക്കളും നെട്ടോട്ടമോടുന്നു. ക്യാമ്പുകൾ സംഘടിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാതെ രക്തബാങ്കിന്റെ പ്രവർത്തനം മന്ദഗതിയിലായതാണ് പ്രതിസന്ധിക്ക് കാരണം. മറ്റ് ആശുപത്രികളിൽ നിന്ന് പ്ളാസ്മ എത്തിക്കാനുളള ശ്രമം നടന്നെങ്കിലും പ്രാഥമിക ചർച്ചകളിലൊതുങ്ങി.


കൊവിഡിന് ശേഷം രക്തദാനം കുറഞ്ഞത് ഈ രംഗത്തെ സാരമായി ബാധിച്ചു. ബോധവത്കരണം ഉൾപ്പെടെ കാര്യക്ഷമമാക്കി രക്തദാനം കൂട്ടാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ 91 യൂണിറ്റ് മാത്രമാണ് സ്റ്റോക്കുള്ളത്. 400 യൂണിറ്റ് വരെ സ്ഥിരമായി സ്റ്റോക്കുണ്ടായിരുന്ന മെഡിക്കൽ കോളേജിന്റെ സ്ഥിതിയാണിത്.


ആവശ്യക്കാരാണെങ്കിൽ അവർ ആളെ കൊണ്ടുവരട്ടെയെന്നാണ് നിലപാട്. രക്തബാങ്കിൽ സ്റ്റോക്കുണ്ടെങ്കിൽ അത് രോഗിക്ക് ചികിത്സാഘട്ടത്തിൽ നൽകും. തുടർന്ന് രോഗിയുടെ ബന്ധുക്കൾ പകരം ആളെ രക്തം നൽകാനായി ഏർപ്പാടാക്കുന്നതായിരുന്നു പതിവ്. സ്റ്റോക്ക് കുറഞ്ഞതോടെ ആവശ്യമായ അതേ ഗ്രൂപ്പിലുള്ള ആൾ എത്തിയാൽ മാത്രമേ ചികിത്സ നടക്കൂവെന്ന സ്ഥിതിയാണ്.


തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഒരു വർഷം 30000 യൂണിറ്റ് രക്തം വേണം.12 ക്യാമ്പുകൾ മാത്രമാണ് ഈ വർഷം നടന്നത്.രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെങ്കിലും കൃത്യമായി ഏകോപിപ്പിച്ച് ക്രമമായ ഇടവേളകളിൽ നടത്താൻ ആളില്ലെന്നും പരാതിയുണ്ട്. രാവിലെ 8മുതൽ വൈകിട്ട് 3വരെയാണ് രക്തബാങ്കിൽ രക്തം ദാനം ചെയ്യാനുള്ള സമയം. രാത്രികാലങ്ങളിൽ അത്യാഹിതത്തിലെത്തുന്ന രോഗികൾക്ക് രക്തബാങ്കിലെ സ്റ്റോക്കിൽ നിന്ന് നൽകും. പിറ്റേന്ന് പകരമായി ദാതാക്കളെ നൽകാമെന്ന് രോഗിയുടെ ബന്ധുക്കൾ പറയുമെങ്കിലും ചുരുക്കം ചിലർ മാത്രമേ അത് ചെയ്യാറുള്ളൂ.